കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥനാണ് ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയൽവാസിയുമായ അഭിഷാഷ് പിടിയിലായി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

വ്യാഴം രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപുരം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം. ശരീരത്തിലാകമാനം മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ സത്യനാഥിനെ നാട്ടുകാർ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞയുടൻ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, കാനത്തിൽ ജമീല എംഎൽഎ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണ് സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തത് മുൻ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെയാണ്. ഇയാൾ കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്ന കെ.സത്യന്റെ ഡ്രൈവറായിരുന്നു. ഇയാൾക്ക് സത്യനാഥനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. പാർട്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മോഹനൻ പറഞ്ഞു.

സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു, ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേൾക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിറകിലൂടെ വന്നാണ് അക്രമി വെട്ടിയതെന്നാണ് സൂചന. സിപിഎമ്മിന് ഉള്ളിൽ രണ്ടു ചേരിയിലായിരുന്നു അഭിലാഷും സത്യപാലനും. ഇത് അക്രമത്തിന് കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിശദമായ അന്വേഷണത്തിൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ.

ഉത്തരമേഖലാ ഐ.ജി. സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും കാട്ടുന്നതായി പൊലീസ് അറിയിച്ചു. സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലക്‌സ് മാനേജരാണ്. ജനങ്ങളുമായി അടുത്തിടപഴകുന്ന വ്യക്തിയായിരുന്നു സത്യനാഥൻ.

സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണസമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. അച്ഛൻ: അപ്പുനായർ, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ് (ആക്‌സിസ് ബാങ്ക്), സലീന. മരുമക്കൾ: അമ്പിളി, സുനു.