- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇനി ഡിഎൻഎ പരിശോധന; സവാദിനെ തളച്ചത് ഇങ്ങനെ
കണ്ണൂർ: കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദിനെ പിടികൂടാൻ എൻ.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ്. കസ്റ്റഡിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്ന് ലഭിച്ച വിവരം ശരിയാണെന്ന് എൻഐഎ ഉറപ്പിച്ചത് ഈ സർട്ടിഫിക്കറ്റിലൂടെയാണ്. അതിനിടെ സവാദിന്റെ തിരിച്ചറിയിൽ ഉറപ്പിക്കാൻ ഡി എൻ എ പരിശോധനയും നടത്തിയേക്കും. അടുത്ത ബന്ധുക്കളിൽ നിന്നും ഡി എൻ എ ശേഖരിച്ച് പരിശോധിച്ച് പിടികൂടിയത് സവാദാണെന്ന് ഉറപ്പിക്കും.
മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നപേരാണ് ചേർത്തിരുന്നത്. ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയിലും സവാദ് എന്നാണ് ചേർത്തിരുന്നത്. ഇവ വീട്ടിൽനിന്ന് എൻ.ഐ.എ. സംഘം പിടിച്ചെടുത്തു. സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴിൽതേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. മുമ്പ് എൻ.ഐ.എ.യിൽ ജോലിചെയ്തിരുന്ന ചില പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി. ഇതാണ് നിർണ്ണായകമായത്.
കൈപ്പത്തിക്കേസിലെ പ്രതി സവാദ് ഒളിവിൽക്കഴിഞ്ഞത് പോപ്പുലർ ഫ്രണ്ടിന്റെയും അതുമായി ബന്ധപ്പെട്ട നേതാക്കളുടെയും സഹായത്തോടെയായിരുന്നെന്ന് റിമാൻഡ് അപേക്ഷയിൽ എൻ.ഐ.എ. വിശദീകരിക്കുന്നുണ്ട്. സിം കാർഡുള്ള ഒരു മൊബൈൽ ഫോൺ പ്രതിയിൽനിന്നു പിടികൂടി. വീട്ടിൽനിന്ന് രണ്ടു മൊബൈൽ ഫോണുകളും ഒരു സിം കാർഡും ചില തിരിച്ചറിയൽ രേഖകളും ലഭ്യമായിട്ടുണ്ടെന്നും അപേക്ഷയിൽ പറയുന്നു. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് നിർണ്ണായകമായത്. പല നേതാക്കളുടെ ഫോൺ നിരീക്ഷിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് വിവരം കിട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തോടെ സവാദിന് വരുമാനം ഇല്ലാതെയായി. ഇതോടെയാണ് പണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏതാനുംദിവസംമുമ്പ് ഒരാൾ വീടിനെക്കുറിച്ച് കൃത്യമായ വിവരം നൽകി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസർട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാൾ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. വീട് പറഞ്ഞു കൊടുത്തതും പോപ്പുലർ ഫ്രണ്ടിലെ സുഹൃത്തുക്കളാണെന്ന് സൂചനയുണ്ട്.
ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണൽ എസ്പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 12 എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആൾ ഇവരോടൊപ്പം ചേർന്നു. പുലർച്ചെ മൂന്നരയോടെ വീട്ടിലെത്തി. ഏറെനേരം കതകിൽ മുട്ടിയപ്പോൾ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേരുചോദിച്ചപ്പോൾ ഷാജഹാൻ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇതും തിരിച്ചറിയലിൽ നിർണ്ണായകമായി.
ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് സവാദ് കുടുങ്ങിയത്. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന അനിവാര്യമാണ്. അല്ലെങ്കിൽ താൻ സവാദ് അല്ലെന്ന് കോടതിയിൽ ഇയാൾ വാദിക്കാൻ ഇടയുണ്ട്. സവാദിന്റെ ഭാര്യ കാസർകോട് സ്വദേശിയാണ്. അറസ്റ്റ് വിവരമറിഞ്ഞ് സഹോദരങ്ങളെത്തി ഇവരെയും മക്കളെയും കൊണ്ടുപോയി.
ഒന്നരവർഷം മുൻപാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സവാദ് ബേരത്തെ വാടകവീട്ടിലെത്തിയത്. ഷാജഹാൻ എന്നാണ് സ്വയംപരിചയപ്പെടുത്തിയത്. വരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് പ്രസവിച്ചത്. 5000 രൂപ മാസവാടകയ്ക്കാണ് സവാദും കുടുംബവും ഇവിടെ താമസിച്ചത്. പലയിടത്തായി മരപ്പണിയായിരുന്നു സവാദിന്. താമസിക്കുന്ന വീടിന് സമീപത്ത് നിർമ്മാണം നടക്കുന്ന വീട്ടിലാണ് രണ്ടാഴ്ചയായി പണിയെടുക്കുന്നത്.
കാസർകോട്ട് സ്വന്തമായി വീട് വാങ്ങാൻ സവാദ് അഡ്വാൻസ് നൽകിയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. തുക മുഴുവൻ കൊടുക്കാനായാൽ ഈമാസം കൂടിയേ ഇവിടെയുണ്ടാകൂവെന്നും പറഞ്ഞിരുന്നു. ഇവർ വളപട്ടണം, വിളക്കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു.