- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
കാസർകോട്: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിന്റെ ഒളിതാമസത്തിലെ വിശദാംശങ്ങൾ കണ്ടെത്താൻ എൻഐഎ. കൂടുതൽ അന്വേഷണങ്ങൾക്കായി എൻ.ഐ.എ സംഘം കാസർകോടെത്തി. കൊച്ചി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരത്ത് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി സവാദിന്റെ ഭാര്യയെ ചോദ്യംചെയ്യും. ഭാര്യയിൽ നിന്നും മൊഴി എടുത്ത ശേഷം സവാദിനെ വിശദമായി ചോദ്യം ചെയ്യും.
പോപ്പുലർ ഫ്രണ്ടിന്റെ സ്ളീപ്പിങ് സെല്ലുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമാണെന്ന് എൻ.ഐ.എയും വിലയിരുത്തുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വൈകാതെ അത്തരം കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തുമെന്നും സൂചനയുണ്ട്. അതേസമയം, സവാദിന്റെ മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് മൊബൈൽ ഫോണുകളിൽ നിന്ന് ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായും അറിയുന്നു. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം ഇതേക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കും.
മഞ്ചേശ്വരം സ്വദേശിയായ ഇയാളുടെ ഭാര്യാപിതാവിൽ നിന്നും വിവാഹം നടത്തിക്കൊടുത്തവരിൽ നിന്നും മൊഴിയെടുക്കും. വിവാഹ രേഖകളും പരിശോധിക്കും. കർണാടകത്തിലെ ഉള്ളാൾ എന്ന സ്ഥലത്തെ ഒരു ആരാധനാലയത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഇയാളുടെ ഭാര്യാപിതാവ് മൊഴി നൽകിയിട്ടുണ്ട്. ഉള്ളാളിലും പരിശോധന നടത്തും. വിവാഹത്തിന് എത്രനാൾ മുമ്പ് ഇയാൾ ഇവിടെ എത്തി, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നടക്കം അന്വേഷിക്കും. അതിനിടെ വിവാഹമടക്കമുള്ള വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസും ശേഖരിച്ചിട്ടുണ്ട്. മംഗലാപുരത്തിനടുത്ത് ഉള്ളാളിലെ ഒരു ആരാധനാലയത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നു പറഞ്ഞതിനെ തുടർന്നാണ് മകളെ വിവാഹം കഴിച്ചു കൊടുക്കാൻ സമ്മതിച്ചതെന്നാണ് ഭാര്യാ പിതാവിന്റെ വെളിപ്പെടുത്തൽ. ഇത് പൂർണ്ണമായും എൻഐഎ വിശ്വസിച്ചിട്ടില്ല.
ഇതിനൊപ്പം സവാദിന്റെ ഭാര്യവീടിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. സ്പെഷ്യൽ ബ്രാഞ്ചിനെയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയോ അറിയിക്കാതെ രഹസ്യമായാണ് എൻ.ഐ.എ സംഘം ഇവിടേക്കെത്തിയത്. കാസർകോടെത്തിയശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഭാര്യയെ ചോദ്യം ചെയ്യുന്നതോടെ വിശദ വിവരങ്ങൾ കിട്ടുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ. ഭാര്യയുടെ അച്ഛനേയും ചോദ്യം ചെയ്യും. പ്രതിയായ സവാദ് കണ്ണൂരിൽ ഒളിവിൽ താമസിച്ചത് മൂന്നിടങ്ങളിലായിരുന്നു. വളപട്ടണം മന്നയിൽ അഞ്ചുവർഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവർഷവും മട്ടന്നൂർ ബേരത്ത് ഒൻപതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവർഷത്തിനുശേഷം മരപ്പണി പഠിക്കാൻ പോയി.
തുടർന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂർ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എൻ.ഐ.എ സംഘത്തിന്റെ പിടിയിലായത്. സവാദിന് സഹായം നൽകിയവരെല്ലാം നിലവിൽ ഒളിവിലാണ്. സവാദിന് രണ്ടു വർഷത്തോളം മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടും മട്ടന്നൂർ ബേരത്തും ഒളിത്താവളം ഒരുക്കാൻ പ്രാദേശിക സഹായം കിട്ടിയതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും അവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെയും നേതാക്കൾ സവാദിനെ സഹായിച്ചെന്ന് ഉറപ്പിച്ചാണ് എൻഐഎയുടെ നീക്കങ്ങൾ.
ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായിരുന്ന സവാദ് 13 വർഷത്തിന് ശേഷമാണ് ബുധനാഴ്ച എൻഐഎയുടെ പിടിയിലായത്. മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ ഷാജഹാൻ എന്ന പേരിൽ മരപ്പണിക്കാരനായി താമസിക്കുകയായിരുന്ന പ്രതിയെ പുലർച്ചെ എത്തിയ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് കാലം തുടങ്ങുന്നത് മുതലാണ് ഇരിട്ടിപട്ടണത്തിൽ നിന്നും നാല് കിലോമീറ്റർ മാത്രം അകലെയുള്ള വിളക്കോട് ചാക്കാട് പൂഴിമുക്കിലെ വാടക വീട്ടിൽ സവാദ് താമസമാക്കുന്നത്. മട്ടന്നൂരിലേതുപോലെ ഇവിടെയും ഷാജഹാൻ എന്ന പേരിൽ മരപ്പണിക്കാരനായിട്ടായിരുന്നു താമസിച്ചിരുന്നത്. രണ്ടു വർഷത്തോളം കാലം താമസിച്ച ചാക്കാടെ വീടൊഴിഞ്ഞതിന് ശേഷമാണ് മട്ടന്നൂർ ബേരത്തെ വാടക വീട്ടിലേക്ക് മാറിയത്.
പൂഴിമുക്കും ബേരവും എസ്ഡിപിഐ കേന്ദ്രമാണ്. വിളക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവർ സവാദിന്റെ തറവാട് വീടാണ് ചാക്കാട് പ്രതി സവാദ് താമസിച്ച വാടക വീട്. വിളക്കോട് ചാക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സവാദിന്റെ സഹോദരൻ ഉനൈസ്. എസ്ഡിപിഐ പ്രവർത്തകനായ ഇയാൾ ഇപ്പോൾ ജയിലിലാണ്. വീടിന്റെ നൂറു മീറ്റർ ചുറ്റളവിൽ പതിനഞ്ചിലേറെ വീടുകളുണ്ടെങ്കിലും ഈ വീട്ടുകാരുമായി സൗഹൃദം കാട്ടുന്നതിൽ സവാദും കുടുംബവും വിമുഖത കാണിച്ചു. ഭാര്യ ഖദീജയും രണ്ടു വയസ്സോളം പ്രായം തോന്നിക്കുന്ന മകളുമായിരുന്നു കൂടെ ഉണ്ടായിരുന്നത്.
ഖദീജ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമെ വീട്ടിന് വെളിയിൽ വന്നിരുന്നുള്ളൂ എന്നാണ് അയൽ വാസികൾ പറയുന്നത്. 3000രൂപ വാടക നിശ്ചയിച്ചാണ് വീട് നൽകിയതെന്നും കാസർകോടാണ് സ്വന്തം നാടെന്നും പറഞ്ഞിരുന്നതെന്ന് വീട് വാടകയ്ക്ക് നൽകിയ സവാദിന്റെ ഉമ്മ ആമിന പറഞ്ഞു. കാസർക്കോട്ടേയ്ക്ക് താമസം മാറുകയാണെന്ന് പറഞ്ഞ് വീടൊഴിഞ്ഞ് പോയി രണ്ടു വർഷത്തിന് ശേഷം മട്ടന്നൂർ ബേരത്ത് വെച്ച് എൻഐഎയുടെ പിടിയിലാകുമ്പോൾ മാത്രമാണ് ഷാജഹാൻ എന്ന പേരിൽ ചാക്കാട് താമസിച്ചയാൾ കൈവെട്ടുകേസിലെ മുഖ്യ പ്രതി സവാദാണെന്ന് പ്രദേശവാസികൾ അറിയുന്നത്.
സവാദിന്റെ ഭാര്യ ഖദീജ ഗർഭിണിയാണെന്നറിഞ്ഞ് കുത്തിവയ്പ്പുകൾക്ക് നിർദ്ദേശം നൽകാനെത്തിയ ആശാവർക്കർക്ക് വിവരം കൈമാറാൻ തയാറായിരുന്നില്ല. ഇവിടെ പേര് രജിസ്റ്റർ ചെയ്യേണ്ടെന്നും കാസർകോടാണ് വീടെന്നും പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പ്രസവിക്കുന്നതിന് മുമ്പ് താമസം ബേരത്തേക്ക് മാറ്റി. അവിടെയും സൗകര്യങ്ങൾ ഒരുക്കിയത് പോപ്പുലർഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. വാടകക്കരാർ ഭാര്യയുടെ പേരിലാക്കിയതും ആളെ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു.