മലപ്പുറം: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സൗജത്തിന്റെ കാമുകൻ ബഷീറിനെ കോട്ടയ്ക്കലിൽ നിന്നാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ബഷീറിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.

നാലുവർഷം മുൻപാണ് സൗജത്തിന്റെ ഭർത്താവ് സവാദിന്റെ കൊലപാതകം നടന്നത്. കേസിലെ പ്രതികളാണ് സൗജത്തും ബഷീറും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബഷീറിനെ പൊലീസ് പിടികൂടുകയായിരുന്നു. സൗജത്തിനെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ ്‌പൊലീസ് സംശയിക്കുന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

2018ലാണ് താനൂരിൽ മൽസ്യതൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ ഗൾഫിലേക്ക് കടന്ന ബഷീറിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഗൾഫിലെ പ്രവാസി സംഘടനകൾ വഴിയും ഇന്റർപോൾ അടക്കമുള്ള ഏജൻസികൾ വഴിയും പ്രതിയെ കിട്ടാൻ പൊലീസ് നീക്കം ശക്തമാക്കി. കൂടാതെ സോഷ്യൽ മീഡിയയിലൂടെ അടക്കം പ്രതിയുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയതോടെ, ബഷീറിന് ഗൾഫിൽ തുടരാനാകാത്ത മടങ്ങി എത്തുകയാിരുന്നു.

കേസിൽ സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിനെ കൊലപാതകത്തിനായി വീട്ടിലെത്താൻ സഹായിച്ച സുഹൃത്ത് സൂഫിയാൻ എന്നിവരായിരുന്നു അരസ്റ്റിലായത്. സൗജത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ബഷീർ കൊലപാതകം നടത്തിയത്. കുട്ടിക്കൊപ്പം വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന സവാദിനെ ബഷീർ മരത്തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിന് ശേഷം ബഷീർ രക്ഷപ്പെട്ടു.

എന്നാൽ സവാദ് മരിച്ചിട്ടില്ലെന്ന് കണ്ട സൗജത്ത് ഇക്കാര്യം ബഷീറിനെ ഫോണിൽ അറിയിച്ചു. തുടർന്ന് കത്തി കൊണ്ട് കഴുത്ത് മുറിക്കാൻ ബഷീർ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് സൗജത്ത് കഴുത്ത് മുറിച്ച് ഭർത്താവിന്റെ മരണം ഉറപ്പാക്കി. ഇതിന് ശേഷം ഭർത്താവിനെ ആരോ ആക്രമിച്ചതായി അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു.