- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൈവെട്ടുകേസിൽ സവാദിനെ പിടികൂടാൻ തുമ്പായത് ഈ വിവരങ്ങൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൈവെട്ടു കേസിലെ പ്രതി സവാദ് കഴിഞ്ഞത് ഏഴുവർഷമെന്ന വിവരം പുറത്തുവന്നു. 13 വർഷം മുൻപ് ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതിനു ശേഷം കർണാടക അതിർത്തിയിലെ കുഞ്ചത്തുരിൽ ഇയാൾ താമസിച്ചിരുന്നു. ഇതിനു ശേഷം ഉള്ളാൾ ഭർഗയിൽ നിന്നും ഖദീജയുടെ പിതാവിനെ പരിചയപ്പെടുകയും തനിക്ക് ആരുമില്ലെന്നു പറയുകയും ഇതു പ്രകാരം ഇയാളുടെ മകളുമായുള്ള വിവാഹം മതാചാരപ്രകാരം നടത്തുകയായിരുന്നു.
കാസർകോട് നിന്നും പിന്നീട് സവാദ് വളപട്ടണം മന്നയിൽ നാലുവർഷം കുലിപ്പണിയെടുത്തു ജീവിച്ചു. അവിടെ നിന്നും പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ തില്ലങ്കേരിക്കടുത്തെ വിളക്കോട്ടുരിലും അവിടെ നിന്നും മട്ടന്നൂരിലേക്കും വരികയായിരുന്നു. മട്ടന്നൂർ ബേരെയിൽ നിന്നും രണ്ടു വർഷം കഴിഞ്ഞപ്പോൾ കാസർകോട് സ്വന്തമായി വീടുവാങ്ങി താമസിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്.
മുസ്ലിം ലീഗ് സ്വാധീന പ്രദേശമാണ് ബേര. ഇവിടെ രണ്ടാം പാർട്ടി സിപിഎമ്മാണ്. നാട്ടുകാരോട് ഷാജഹാനാണെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും മറ്റുള്ളവരോട് മുഖത്ത് നോക്കി സംസാരിക്കാറില്ലെന്നും സി.പിഎം പ്രാദേശിക നേതാവായ നൗഫൽ പറഞ്ഞു. കുടുംബവും സവാദും നാട്ടുകാരിൽ നിന്നു ഒഴിഞ്ഞു ജീവിക്കുകയായിരുന്നുവെന്നും നാട്ടിലെ പൊതുപരിപാടികളിൽ ഇവർ പങ്കെടുത്തിരുന്നില്ലെന്നും നൗഫൽ വ്യക്തമാക്കി.
മുഖത്തു നോക്കി നിന്നു സംസാരിക്കാതെ തലയാട്ടി കടന്നു പോകുന്നയാളാണ് സവാദെന്നാണ് അയൽ വാസി ശ്രീധരൻ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഇയാളെ കാണാൻ ബന്ധുക്കളെന്ന പേരിൽ രണ്ടു പേർ ഓട്ടോറിക്ഷയിൽ വന്നതായും ശ്രീധരൻ പറഞ്ഞു. ഇതിനിടെ, സവാദ് മട്ടന്നൂർ ബേരയിലെത്തിയത് വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി തിരിഞ്ഞതിനു ശേഷമെന്ന് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ബെംഗളൂരുവിലെത്തിയ സവാദിന് ഇത്രയും കാലം ഒളിവിൽ കഴിയാൻ എവിടുന്നൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന കാര്യം ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചു വരികയാണ്. ഇയാൾക്ക് സഹായം നൽകിയവരെ കണ്ടെത്തിയാൽ നിരോധിച്ചിട്ടും അണ്ടർ ഗ്രൗണ്ട് പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടെത്താൻ കഴിയുമെന്നാണ് വിവരം. നേരത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നവരും ഇന്ത്യയിലും വിദേശത്തുമുള്ള പോപ്പുലർ ഫ്രണ്ട് അനുയായികളും ദേശീയെ അന്വേഷണ ഏജൻസിയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേരളാ പൊലിസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കൈ വെട്ടു കേസിലെ പ്രതി വർഷങ്ങളോളം കണ്ണൂരിലെ മട്ടന്നൂർ, ഇരിട്ടി എന്നിവടങ്ങളിൽ ഒളിവിൽ കഴിഞ്ഞത് കണ്ടെത്താനാവാത്തത് കേരള പൊലീസിന്റെ വീഴ്ച്ചയാണെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനം. പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ ശേഷം വെട്ടാനുപയോഗിച്ച മഴുവുമായി ഒളിവിൽ പോയ സവാദിനെ കുറിച്ചു വ്യാപകമായ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. മറ്റൊരു പ്രതിയായ നാസറിനൊപ്പമായിരുന്നു ഇയാൾ ഒളിവിൽ പോയത്. കൂട്ടു പ്രതി പിന്നീട് പൊലിസിൽ കീഴടങ്ങിയെങ്കിലും സവാദിനെ കുറിച്ചു ഇയാളിൽ നിന്നും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെ പ്രതി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും കടന്നതായി വിവരമുണ്ടായിരുന്നു. നേപ്പാളിലും ഒളിവിൽ കഴിഞ്ഞതായി പറയുന്നുണ്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചോ അല്ലെങ്കിൽ അതിർത്തി സംരക്ഷണ സേനയുടെ കണ്ണുവെട്ടിച്ചോ ആയിരിക്കാം ഇയാൾ രാജ്യം വിട്ടതും തിരിച്ചെത്തിയതുമാണെന്നാണ് കരുതുന്നത്. അതേസമയം സവാദിന്റെ വിദേശവാസം കേസ് അന്വേഷണം വഴി തിരിച്ചുവിടാനുള്ള ആസുത്രിതമായ വ്യാജ പ്രചാരണമായിരുന്നോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നാണ് ഇയാൾ കാസർകോട്ടെക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസർകോട്ട് ഷാനവാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. കാസർകോട് സ്വദേശിനിയായ ഖദീജയെ വിവാഹം കഴിക്കുമ്പോൾ മഹല്ല് കമ്മിറ്റിയിൽ ഷാനവാസ് എന്നാണ് പേര് പറഞ്ഞിരുന്നത്. സാധാരണ ഗതിയിൽ മുസ്ലിം വിവാഹത്തിൽ വരന്റെ മഹല്ല് കമ്മറ്റിയിൽ നിന്നുള്ള കത്ത് വധുവിന്റെ മഹല്ല് കമ്മിറ്റിയിൽ ഹാജരാക്കേണ്ടതുണ്ട്. സവാദിന്റെ കാര്യത്തിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ്.
കാസർകോട് നിന്നും കണ്ണൂർ ജില്ലയിലെ വളപട്ടണത്തും ഇരിട്ടിക്കടുത്തെ വിളക്കോടും താമസിച്ചശേഷമാണ് മട്ടന്നൂർ നഗരസഭയിലെ ബേരത്ത് ഇയാൾ വാടക വീട് സംഘടിപ്പിച്ചു താമസം വാറ്റുന്നത്. ബേരത്തെ വാടക വീട്ടിൽ താമസിക്കാനായി മട്ടന്നൂരിലെ ചില പോപ്പുലർ ഫ്രണ്ട് നേതാക്കൾ സഹായിച്ചതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. മട്ടന്നൂരിലും വിളക്കോടുമെല്ലാം ഷാജഹാനെന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വാടകയ്ക്കു താമസിച്ച ഇടങ്ങളിലെല്ലാം ഭാര്യയുടെ പേരിലാണ് വാടക കരാർ രേഖയുണ്ടാക്കിയത്.
തന്റെ പേരിൽ വാടക വീടെടുക്കുമ്പോൾ തിരച്ചറിയൽ കാർഡുൾപ്പെടെയുള്ളവ നൽകേണ്ടി വരുമെന്നതിനാൽ ഇതൊഴിവാക്കാനാണ് ഭാര്യയുടെ പേരിൽ വാടക കരാറുണ്ടാക്കിയെന്നാണ് പൊലിസ് വിലയിരുത്തുന്നത്.
ഇയാൾ പരസ്യമായി ഫോൺ ഉപയോഗിക്കാറില്ലെങ്കിലും പണിസ്ഥലങ്ങളിൽ ഇയാൾക്ക് ഫോൺ വരുന്നതായി കൂടെ ജോലി ചെയ്തിരുന്നവർ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. ആരുടെ പേരിലുള്ള സിം കാർഡാണ് ഉപയോഗിച്ചിരുന്നതെന്നും പരിശോധിച്ചു വരികയാണ്. മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഷാജഹാൻ എന്നാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നുമാണ് രേഖപ്പെടുത്തിയത്. ഇതാണ് അന്വേഷണത്തിന് തുമ്പായി മാറിയത്. സവാദിന്റെ വീട്ടിൽ നിന്നും ലഭിച്ച മൊബെൽ ഫോണുകളിൽ നിന്നുമാണ് ഇയാളെ സഹായിച്ചവരെ കുറിച്ചുള്ള വിവരം അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണമാരംഭിച്ചിട്ടുള്ളത്.