- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരിൽ എസ്.ബി.ഐ ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചതുകൊലപാതകമെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ എസ്ബിഐ ജീവനക്കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്. എസ്ബിഐ മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പിതാവ് എം. ശങ്കരൻ കൊലപാതക ആരോപണവുമായി രംഗത്തെത്തിയത്.
ദിവ്യ, ജാതി അധിക്ഷേപവും നേരിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി. ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് ഉണ്ണികൃഷ്ണനും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്.
അതേസമയം സംഭവ ദിവസം രാത്രി അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛർദ്ദിച്ചപ്പോൾ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകൻ ഒരു ചാനലിനോട് വെളിപ്പെടുത്തി. അച്ഛൻ അമ്മയെ നിർബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചു. മരുന്ന് കഴിച്ചപ്പോൾ അമ്മ ഛർദ്ദിക്കുകയുണ്ടായി. പിന്നാലെ വീണ്ടും അമ്മയെകൊണ്ട് മരുന്ന് കഴിപ്പിച്ചു. അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകൻ പറഞ്ഞു.
2023 ഏപ്രിൽ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണന്റെ വീട്ടിൽ വഴക്കുണ്ടായെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തലും.
താഴ്ന്ന ജാതിയിൽപ്പെട്ടയാളായതുകൊണ്ട് ദിവ്യ ഉണ്ടാക്കിയ ഭക്ഷണം പോലും ഭർതൃമാതാവ് കഴിച്ചിരുന്നില്ലെന്നും കടുത്ത ജാതി അധിക്ഷേപം മകൾ ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്നതായും ദിവ്യയുടെ പിതാവി ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദിവ്യയുടെ അച്ഛൻ നൽകിയ പരാതിയിൽ 48 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.