- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധത്തിന്റെ വേരുകൾ പിഴുതെറിയാൻ എൻഐഎ; തീവ്രവാദ പ്രവർത്തനങ്ങൾക്കു പണവും പരിശീലനവും നൽകിയതുമായി ബന്ധപ്പെട്ട് പിഎഫ്ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലെ റെയ്ഡിൽ 247 പേർ അറസ്റ്റിൽ; ജാമിയയിൽ അടക്കം നിരോധനാജ്ഞ; നിരോധനത്തിനായും അതിവേഗ നീക്കങ്ങൾ
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. സംഘടനയുടെ തീവ്രവാദ ബന്ധത്തിന്റെ തെളിവുതേടി കൂടുതൽ റെയ്ഡ് നടപടികളുമായി മുന്നോട്ടു പോകുകയാണ് എൻഐഎ. പിഎഫ്‌ഐയുടെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് വീണ്ടും റെയ്ഡ് നടത്തി. എട്ടു സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 247 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് എൻെഎഎ, പൊലീസിന്റെ ഭീകരവിരുദ്ധസേന എന്നിവർ സംയുക്തമായി റെയ്ഡ് നടത്തിയത്.
തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം നൽകിയതും പരിശീലന ക്യാംപുകൾ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് എൻഐഎ വ്യക്തമാക്കി. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ രോഹിണി, നിസാമുദ്ദീൻ, ജാമിയ, ഷഹീൻ ബാഗ്, സെൻട്രൽ ഡൽഹി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ലോക്കൽ പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തി. ഡൽഹിയിൽ 30 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ജാമിയ അടക്കമുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ താനെയിൽനിന്ന് നാല് പിഎഫ്‌ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഔറംഗബാദിലും സോലാപുരിലും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുണ്ട്. കർണാടകയിൽ പൊലീസ് പുലർച്ചെ നടത്തിയ റെയ്ഡിൽ 45 പിഎഫ്‌ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. ബാഗൽകോട്ട്, ബിദർ, ചാമരാജനഗർ, ചിത്രദുർഗ, രാമനഗര, മംഗളൂരു, കൊപ്പൽ, ബെല്ലാരി, കോലാർ, ബെംഗളൂരു, മൈസൂരു, വിജയപുര ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്തുടനീളം പിഎഫ്‌ഐ നേതാക്കളുടെ വീടുകൾ റെയ്ഡ് ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും 75ലധികം പ്രവർത്തകരെ കർണാടകയിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ഗുജറാത്തിൽ പിഎഫ്‌ഐയുമായി ബന്ധമുള്ള 10 പേരെ അറസ്റ്റ് ചെയ്തു. അസമിൽ 25 പിഎഫ്‌ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാംരൂപ് ജില്ലയിലെ നഗർബെര, ഗോൾപാറ, ബാർപേട്ട, ധുബ്രി, ബക്സ, ദരാംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഉദൽഗുരിയിലും കരിംഗഞ്ചിലും റെയ്ഡ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ, അസമിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഎഫ്ഐയുടെ 11 നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ നിന്ന് ഒരാളെയും അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിൽ തിരക്കിട്ട നീക്കങ്ങളാണ് നടന്നത്. പോപ്പുലർ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിക്കാനാണ് നീക്കം. നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പിഎഫ്ഐയെയും ഉൾപ്പെടുത്താനാണ് നീക്കം.
സംസ്ഥാനത്തെ പിഎഫ്ഐ ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങൾ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയോ എന്നതിൽ ഇന്റലിജൻസ് അന്വേഷണമാരംഭിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഇന്റലിജൻസ് അന്വേഷണം തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ചില ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ നടപടി എടുത്തില്ലെന്ന വിവരത്തെ തുടർന്നാണ് നടപടി. ചില ജില്ലകളിൽ എസ്എച്ച്ഒ തലത്തിൽ വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പോപ്പുലർ ഫ്രണ്ടിനെതിരായ കേസുകളിൽ നടപടി ശക്താക്കാൻ സർക്കാർ നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളിൽ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം.
ഈ മാസം 22ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം പേരെ അറസ്റ്റ് ചെയ്തത് 19. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, ബംഗാൾ, മണിപ്പുർ, ബിഹാർ, തമിഴ്‌നാട്, അസം, യുപി, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഇതിനെത്തുടർന്ന് 23ന് കേരളത്തിൽ നടന്ന പിഎഫ്‌ഐ ഹർത്താലിൽ വ്യാപക അക്രമസംഭവങ്ങളും അരങ്ങേറി.
മറുനാടന് മലയാളി ബ്യൂറോ