കോഴിക്കോട്: സേവന കറി പൗഡർ എന്ന സ്ഥാപനം നടത്തുന്ന ഡയറ്കട് മാർക്കറ്റിങ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. കറി പൗഡർ, ക്ലീനിങ് ദ്രാവകം, സോപ്പുപൊടി തുടങ്ങിയവയാണ് ഡയറക്ട് മാർക്കറ്റിങ്. കടുത്ത ചൂഷണമാണ് ഈ കമ്പനി നടത്തുന്നത്. മോഹന വാഗ്ദാനങ്ങൾ നൽകി ജീവനക്കാരായി എടുക്കുന്നവരെ വർഷങ്ങളായി കമ്പനി കബളിപ്പിക്കുകയാണ്. വെറും 18 വയസ് പിന്നിട്ട കുട്ടികളുടെ ചുമലിൽ 'സേവന' ഏറ്റുന്നത് 30 കിലോ ഭാരമുള്ള ബാഗാണ്. 12,000 രൂപ ശമ്പളവും കമ്മിഷനും വാഗ്ദാനം ചെയ്യും. എന്നാൽ, പകലന്തിയോളം ജോലി ചെയ്താലും മാസം അയ്യായിരം രൂപ പോലും കിട്ടില്ല. സേവനയുടെ ഡയറക്ട് മാർക്കറ്റിങ് തട്ടിപ്പിന് പിന്നിൽ വൻ മാഫിയ ആണെന്നും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

സേവനക്കു കീഴിൽ ജി പി എൽ (ജർമ്മൻ ഫിസിക്കൽ ലബോറട്ടറി), എച്ച് പി എൽ (ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ്) എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് ഇവർ ഡയറക്ട് മാർക്കറ്റിങ് നടത്തുന്നത്. എറണാകുളം സ്വദേശിയായ ജോയ് ജോസഫ് എന്ന ആളുടെ നേതൃത്വത്തിലാണ് ഈ ചൂഷണം കാലങ്ങളായി തുടരുന്നത്. മികച്ച കരിയറും അസി. മാനേജർ പദവിയും രണ്ടു മാസത്തിനകം ലഭിക്കുമെന്ന് മോഹിപ്പിച്ച് ഇറക്കിവിടുന്ന ജീവിതങ്ങളുടെ കഥയാണിത്.

സേവനക്കായി കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് കുട്ടികളാണ് ബാഗും തൂക്കി ഇവരുടെ വസ്തുക്കൾ വിൽപന നടത്താൻ രാപകൽ തെണ്ടുന്നത്. രാവിലെ ഇറങ്ങുന്ന കുട്ടികൾക്ക് 20 രൂപ മാത്രമാണ് ഒരു ദിവസത്തെ ഭക്ഷണത്തിനായി അനുവദിക്കുന്നതെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 19 വയസുള്ള ഒരു സെയിൽസ് പ്രമോട്ടർ വെളിപ്പെടുത്തിയത്. തങ്ങൾ ഡയറക്ട് മാർക്കറ്റിങ് നടത്തുന്നില്ലെന്നും ഏജൻസികളെയാണ് വിതരണം ഏൽപ്പിച്ചിരിക്കുന്നതുമെന്നാണ് ഈ സ്ഥാപന നടത്തിപ്പുകാരുടെ വാദം.

ജീവനക്കാർക്ക് സേവന അധികാരികൾ യാതൊരു രേഖയും നൽകാറില്ല. തുച്ഛമായ ശമ്പളം പോലും പണമായി നൽകുന്നതാണ് രീതി. ഒന്നോ, രണ്ടോ മാസം കഴിഞ്ഞ് നാട്ടിൽ പോകുമ്പോൾ മിക്കപ്പോഴും വഴിച്ചെലവിനുള്ള പണമേ നൽകൂ. കൂടുതൽ പണം കൊണ്ടുപോകേണ്ടെന്നും അക്കൗണ്ടിലേക്കു അയക്കാമെന്നും പറയും. ജീവനക്കാർ തിരിച്ചുവരാതിരിക്കുന്നത് തടയാനാണ് ഈ തന്ത്രം. രേഖകൾ ഇല്ലാത്തതിനാൽ നിയമ നടപടിയിലേക്കു പോകാനും സാധിക്കില്ല.

മിക്കപ്പോഴും സ്വന്തം ജില്ലയിൽ ആർക്കും ജോലി നൽകില്ല. കോട്ടയത്തുള്ള ആൾക്ക് പാലക്കോട്ടോ, മലപ്പുറത്തോ ആവും പോസ്റ്റിങ്. ആരെങ്കിലും പരാതി നൽകാൻ മുതിർന്നാൽ പിന്നീട് കേസ് നടത്താൻ കോഴിക്കോട്ടുള്ള ആൾ തിരുവനന്തപുരത്തോ, എറണാകുളത്തോ എത്തേണ്ടിവരുമെന്ന് മുന്നിൽ കണ്ടാണിത്. അങ്ങനെയായാൽ ബുദ്ധിമുട്ട് ഓർത്ത് ആരും കേസിന് പോകുകയുമില്ലല്ലോ. അതായത് നിയമങ്ങളുടെ എല്ലാം പഴുതും അടച്ചാണ് ഈ ചൂഷണമെന്ന് ചുരുക്കം.

പെൺകുട്ടികളെയും ആൺകുട്ടികളെയും ഗ്രൂപ്പുകളാക്കി സെയിൽസിന് ഒന്നിച്ചു വിടുന്ന ഏർപ്പാടുമുണ്ട്. ഇതൊരു മനഃശാസ്ത്രപരമായ ഒരു ഗെയിമാണ്. സ്വാഭാവികമായും ഏറെക്കുറെ ഒരേ പ്രായത്തിലുള്ളവരാവുമ്പോൾ അവർ തമ്മിൽ ഒരു കെമിസ്ട്രി രൂപപ്പെടുമെന്ന് ഇവർക്കറിയാം. പലരും പ്രണയങ്ങളിലേക്കു എത്തും. ഇതോടെ ഈ ജോലി വിട്ട് ചെക്കനോ, പെണ്ണോ മറ്റൊന്നു തേടിപോകില്ല. കുരുക്കിന്റെ മുറുക്കം ഇതിൽ നിന്ന് കൃത്യയായി ബോധ്യപ്പെടും.

ഓരോരുത്തർക്കും പ്രത്യേകം ടാർഗെറ്റുണ്ട്. ദിവസം 2,500 രൂപയുടെ കച്ചവടം നടത്തിയിരിക്കണമെന്നതാണ് നിയമം. ഞായറാഴ്ചകളിൽ 4,000 രൂപയിലേക്കു ടാർഗെറ്റ് ഉയരും. ലക്ഷ്യത്തിലേക്കു എത്താൻ സാധിക്കാതെ ബാഗും ചുമന്ന് കഷ്ടപ്പെട്ട് വരുന്നവന്റെ കാര്യം കട്ടപ്പുകയാണ്. അസി. മാനേജർ മുതൽ ഇയാൾക്കുള്ള ശിക്ഷ നൽകി തുടങ്ങും. മാനസികമായി ഒരു വ്യക്തിയെ തകർക്കുന്ന നിലയിലുള്ളതാവും ഈ പീഡനം. പട്ടാളത്തിലെല്ലാം നൽകുന്ന പോലുള്ള ദേഹോപദ്രവം ഉൾപ്പെടെയുള്ളവ ഇതിലുണ്ടാവും. എന്നാൽ സേവനക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ പേർ തങ്ങളുടെ അനുഭവങ്ങളുമായി എത്തിയതോടെ ദേഹോപദ്രവം പോലുള്ള പണിഷ്മെന്റുകൾ ഇപ്പോഴില്ലെന്നാണ് നിലവിൽ ജോലി ചെയ്യുന്ന യുവാക്കളും യുവതികളും പറയുന്നത്.

ഓരോ ദിവസവും ജോലി കഴിഞ്ഞ് രാത്രി എത്തിയാലാണ് ഇതിന്റെ തുടക്കം. ആദ്യം കൂടുതൽ കച്ചവടം നടത്തിയ ആളെ എല്ലാവരുടെയും മുന്നിൽ വച്ച് വാനോളം പൊക്കി സംസാരിക്കും. പിന്നെയാണ് യഥാർഥ പരിപാടി തുടങ്ങുക. രണ്ടുപേരെ വീതം ഗ്രൂപ്പുകളായി തിരിക്കും. ഇതിൽ ഒരാൾ കൂടുതൽ കച്ചവടം ചെയ്യുകയും മറ്റേയാൾ കുറവു ചെയ്യുകയും ചെയ്താൽ കൂടുതൽ ചെയ്ത ആളെക്കൊണ്ട് കുറച്ചുചെയ്തയാളെ വാക്കുകൾ കൊണ്ട് അപമാനിക്കുന്ന രീതിയാണ് നടക്കുന്നത്. ആത്മാഭിമാനം വ്രണപ്പെടുന്ന ആൾ പിറ്റേന്ന് ഏതുവിധേനയും തന്റെ എതിരാളിയേക്കാൾ കൂടുതൽ വിൽപന നടത്തും. അങ്ങനെ വന്നാൽ തനിക്കു തലേന്ന് കിട്ടിയതെല്ലാം അതേ നാണയത്തിൽ ഇയാൾ എതിരാളിക്ക് തിരിച്ചുനൽകും. ഈ രീതിയാണ് കച്ചവടം കുറയാതിരിക്കാൻ സേവന പയറ്റുന്നത്. ഈ രീതിയെ ഇംപാക്ടിങ് എന്നാണ് പറയുന്നത്. തെറിവിളികൾക്കും ഇംപാക്ടിൽ ഒരു പഞ്ഞവും കാണില്ല.

ജോലിക്കു കയറുന്നതോടെ ഉദ്യോഗാർഥിയുടെ സ്മാർട്ട് ഫോൺ ബ്രാഞ്ച് അധികൃതർ വാങ്ങിവെക്കും. ഈ ഫോൺ പിന്നെ നാട്ടിൽ പോകുന്ന അവസരത്തിൽ മാത്രമേ നൽകൂ. പകരം സെയിൽസിന് പോകുമ്പോൾ സാധാരണ കോൾ വിളിക്കാൻ മാത്രം സാധിക്കുന്ന ഒരു ഫോൺ നൽകും. ഇതിൽ ആളുടെ കോളുകളെല്ലാം റെക്കാഡ് ചെയ്യാനുള്ള സംവിധാനം സെറ്റു ചെയ്തിരിക്കും. ഇതുമായി ആൾ പോകുന്നതോടെ തന്റെ ജോലിയുടെ കഷ്ടപ്പാട് ആരോടെല്ലാം പറയുന്നു, വീട്ടുകാരുടെ പ്രതികരണം തുടങ്ങിയവയെല്ലാം അതാത് ബ്രാഞ്ച് മാനേജർക്കും എ എസ് എമ്മിനുമെല്ലാം ലഭിക്കും. അത് മുഴുവൻ ഇവർ രാത്രി കേട്ടു, ഓരോ ആളുടെയും പ്രശ്നങ്ങൾ പഠിച്ച് അതിനൊത്തുള്ള മോട്ടിവേഷൻ വീണ്ടും നൽകും. ലാബ് പരിശോധന നടത്തി രോഗത്തിന് മരുന്നു കുറിക്കുന്നതുപോലുള്ള ഒരു സംവിധാനം.

കമ്പനിയുടെ ഭാഗമായാൽ അവന് പുറംലോകവുമായി യാതൊരു ബന്ധവും കാണില്ല. മൊബൈൽ ഉപയോഗിക്കാൻ പാടില്ല. രണ്ടുപേർ ചേർന്നു നിന്നു സംസാരിക്കരുത്. ഇതെല്ലാം കൃത്യമായി നിരീക്ഷിക്കാൻ ആളുകളുണ്ട്. സത്യത്തിൽ ഇതിനകത്ത് നടക്കുന്നത് സെയിൽ പ്രൊമോഷൻ പരിശീലനമെന്നതിനപ്പുറം വലിയ പീഡനപർവങ്ങളാണ്. ഗുണ്ടകളാണ് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ നയരൂപീകരണത്തിലും ട്രെയിനർമാരായുമെല്ലാം എത്തുന്നത്.

കേരളത്തിലെ ഇവരുടെ ബ്രാഞ്ചുകളിൽ പലയിടത്തും പീഡനം സഹിക്കാനാവാതെ ആത്മഹത്യയിൽ അഭയം തേടിയവരുമുണ്ട്. ലൈംഗികാതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളുമെല്ലാം ഇവിടെ നടക്കാറുണ്ട്. എന്തായാലും നടത്തിപ്പുകാരുടെ കാശിനും രാഷ്ട്രീയ സ്വാധീനത്തിനും മുന്നിൽ എല്ലാം വെള്ളംപോലെ ഒഴുകി അപ്രത്യക്ഷമാവുന്നുവെന്നു മാത്രം.

മറുനാടൻ വാർത്ത വന്നതോടെ ധാരാളം പേർ സേവനയിലെ തിക്താനുഭവങ്ങൾ പങ്കുവച്ച് എത്തുന്നുണ്ട്. സേവന - ഒരു അനുഭവ കുറിപ്പ് എന്ന പേരിൽ വിഞ്ചു കുര്യാക്കോസ് ഏപ്രിൽ 25ന് ഇട്ട പോസ്റ്റിൽ രണ്ട് വർഷത്തെ ജോലിക്ക് ശേഷം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ സേവനയുടെ ഹെഡ് ഓഫീസായ എറണാകുളം പാലാരിവട്ടത്തെ ബി ടി സി (ബിസിനസ് ട്രെയിനിങ് സെന്റർ)ിലേക്ക് ചെന്ന കഥ വായിക്കാം. തന്റെ കുറിപ്പ് കാണുന്നവരെങ്കിലും ഇതിൽ അകപ്പെടാതെ രക്ഷപ്പെടണമെന്ന ആമുഖത്തോടെയാണ് കുറിപ്പിട്ടിരിക്കുന്നത്. സേവന, ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്, ജി പി എൽ എന്നീ വർണ്ണ ശബളമായ ഓമനപ്പേരുകൾ ഈ കമ്പനിക്ക് ഉണ്ട് എന്ന ആമുഖത്തോടെയാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

ദീർഘനേരം കാത്തിരുന്ന ശേഷം ജോയ് ജോസഫ് വന്നതും വിശേഷങ്ങൾ തിരക്കിയതും അയ്യോ, ഇവിടെ അങ്ങനെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒന്നും കൊടുക്കാറില്ല കേട്ടോ എന്ന് മറുപടി പറയുന്നതുമെല്ലാം ഈ പോസ്റ്റിലുണ്ട്. വിഞ്ചുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. ബി ടി സിയിലാണ് അസി. മാനേജറാവാനുള്ള മൂന്നാഴ്ചത്തെ ട്രെയിനിങ്ങിന് എത്തുക. സാക്ഷാൽ ജോയ് ജോസഫ് ഇരിക്കുന്ന ഓഫീസ്. ഇവിടുത്തെ ട്രെയിനിങ്ങിന്റെ മുഖ്യ ഇനം 21 ജ്യൂസടിക്കലാണ്. എന്നു പറഞ്ഞാൽ മൂന്നാഴ്ച തുടർച്ചയായി 2,500 രൂപക്ക് മുകളിൽ ചത്തോ, കൊന്നോ സെയിൽസുണ്ടാക്കുക. ഇത്തരക്കാരെയാണ് എ എസ് എം ആയി നിയമിക്കുക. അത്യപൂർവം പേർക്കേ ഈ കടമ്പ കടക്കാനാവൂ. സേവനയുടെ പ്രവർത്തനത്തിനും ചൂഷണത്തിനും അറുതി വരുത്താൻ ബന്ധപ്പെട്ടവരാരും ഇടപെടുന്നില്ല എന്നാണ് ഈ സ്ഥാപനത്തിലെ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുന്നവർ പരാതിപ്പെടുന്നത്.