തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിൽ പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു മരണം. അതുകൊണ്ട് തന്നെ ഡോക്ടർമാർ സംശയം ഉന്നയിച്ചപ്പോൾ ഷാരോണിന്റെ വീടിരിക്കുന്ന പൊലീസിനെ കാര്യങ്ങൾ അറിയിച്ചു. പാറശ്ശാലാ പൊലീസ് അന്വേഷണവും തുടങ്ങി. മജിസ്‌ട്രേട്ട് എത്തി മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷം കഥയെല്ലാം മാറി. വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ വിഷം കൊടുത്തു കൊന്ന കാമുകിയിലേക്ക് കാര്യങ്ങളെത്തി. അന്വേഷണം അട്ടിമറിക്കാൻ ആദ്യമേ ശ്രമമുണ്ടായിരുന്നു. അത് പുതിയ തലത്തിൽ ഇപ്പോഴും തുടരുന്നു.

കേരളത്തിലെ കോടതികളൊന്നും ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കാൻ അടുത്ത കാലത്തൊന്നും സാധ്യതയില്ല. അഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടേണ്ടി വരും. ഇതൊഴിവാക്കാൻ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുന്ന കാര്യത്തിൽ ചർച്ച ഉയർത്തുകയാണ് ചില കേന്ദ്രങ്ങൾ. പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗൽ സ്റ്റേഷൻ അതിർത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തിൽ നിയമോപദേശം തേടുന്നത്. ഫലത്തിൽ കേസും കോടതിയുമെല്ലാം തമിഴ്‌നാട്ടിലേക്ക് മാറും. ഇതോടെ കേസിൽ മുന്നിൽ നിന്ന് പൊരുതിയ ഷാരോണിന്റെ കുടുംബം വെട്ടിലാകുകയും ചെയ്യും.

തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി. അന്വേഷണവും തെളിവെടുപ്പും തുടരും. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കിൽ തമിഴ്‌നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങൾ കൈമാറുമെന്ന് പൊലീസും പറയുന്നു. എന്നാൽ ഈ ചിന്തയുടെ പോലും ആവശ്യമില്ല. അസ്വാഭവിക മരണം നടന്നത് കേരളത്തിലാണ്. ആ നിയമപരിധിയിൽ കേരളാ പൊലീസിന് കേസ് അന്വേഷിക്കാവുന്നതേ ഉള്ളു.

ഇതിനൊപ്പം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടിൽ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം കൊടുത്തതുമെന്നതിനാൽ കേരള പൊലീസിനു തന്നെ കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധർ പറയുന്നു. സിആർപിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണ ഒാഡിയോ വിവാദത്തിൽ. കേസ് ആദ്യം അന്വേഷിച്ച പാറശാല എസ്എച്ച്ഒയുടെ പേരിൽ ആണ് രണ്ട് ദിവസം മുൻപ് എട്ടര മിനിറ്റ് നീളുന്ന സന്ദേശം പുറത്തെത്തിയത്. കേസിൽ ലോക്കൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ഷാരോണിന്റെ വീട്ടുകാരുടെ വാദം തള്ളുന്നതാണ് കേസിന്റെ നാൾ വഴികൾ എടുത്ത് പറഞ്ഞുള്ള സന്ദേശത്തിലെ ഉള്ളടക്കം.

'അസ്വാഭാവിക രീതിയിൽ യുവാവിനെ പ്രവേശിപ്പിച്ച വിവരം 19ന് മെഡിക്കൽ കോളജിൽ നിന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസം മജീസ്‌ട്രേട്ടിനെ ആശുപത്രിയിൽ എത്തിച്ച് മരണമൊഴി രേഖപ്പെടുത്തി. 21ന് പൊലീസും മൊഴിയെടുത്തു. 25നു രാത്രിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. 26ന് പോസ്റ്റുമോർട്ടത്തിനുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നൽകി. 27നു മൂന്നുതവണ ബന്ധുക്കളെ അങ്ങോട്ടു വിളിച്ച ശേഷം ആണ് പരാതി നൽകാൻ എത്തിയത്. പരാതി ലഭിച്ചപ്പോൾ ഗ്രീഷ്മയുടെ വീട്ടിൽ എത്തി മൊഴിയെടുത്തു. 22 വയസ്സുള്ള പെൺകുട്ടി ആയതിനാൽ ആണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താത്തത്. കഷായം സംബന്ധിച്ച നിർണായക വിവരങ്ങൾ 27,28 തീയതികളിൽ പാറശാല പൊലീസ് ആണ് സമാഹരിച്ചത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ' ഇതാണ് ഒാഡിയോയിൽ പറഞ്ഞിരിക്കുന്നത്. ആരെ കുറിച്ചും പരാതി ഇല്ലെന്ന് മജിസ്‌ട്രേട്ടിനു ഷാരോൺ നൽകിയ മരണമൊഴി നൽകിയിരുന്നു. ഇതു പരസ്യപ്പെടുത്തിയതും മെഡിക്കൽ കോളജിലെ പരിശോധനകളിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിവരിക്കുന്നത് കേസിന്റെ വിചാരണ വേളയിൽ പ്രതികൂലമായി ബാധിക്കും എന്നാണ് പരാതി. അതിനിടെ പാറശാലന്മചോദ്യം ചെയ്യൽ നേരിടാൻ ഗ്രീഷ്മയും ബന്ധുക്കളും മുന്നൊരുക്കം നടത്തിയതായി സൂചനകൾ പുറത്തു വന്നു.

ക്രൈംബ്രാഞ്ച് ഒാഫീസിൽ നടന്ന ചോദ്യം ചെയ്യൽ ആദ്യഘട്ടം കടന്നപ്പോൾ തന്നെ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെന്ന അന്വേഷണ സംഘം ഉറപ്പിച്ചു. കഷായത്തെ ചുറ്റിപ്പറ്റി ഉയർന്ന ചോദ്യങ്ങളിൽ ഗ്രീഷ്മയ്ക്കു പലപ്പോഴും മൊഴികൾ മാറ്റേണ്ടി വന്നു. ഷാരോൺ ആശുപത്രിയിൽ കഴിയുമ്പോൾ കഷായത്തിന്റെ വിവരം അന്വേഷിച്ച ബന്ധു സജിനോടു ഗ്രീഷ്മ പറഞ്ഞ കള്ളം ആണ് കേസിൽ നിർണായകമായത്.