തിരുവനന്തപുരം: പാറശാലയിൽ മരിച്ച ഷാരോൺ രാജ് സുഹൃത്തിനയച്ച അവസാന ശബ്ദ സന്ദേശം പുറത്ത്. കഷായം കുടിച്ചെന്ന് വീട്ടിൽ പറഞ്ഞില്ലെന്നും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ശീതളപാനീയം കുടിച്ചെന്നാണ് പറഞ്ഞതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. ഷാരോൺ രാജ് വിഷാംശം കലർന്ന പാനീയം നൽകിയ കാമുകിയുമായി അതിന് ശേഷം നടത്തിയ വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.

കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. ഷാരോൺ കാമുകിയുമായി നടത്തിയ അവസാന വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.

'എടീ ചേട്ടനൊക്കെ വന്ന്.. ചേട്ടനടുത്തൊന്നും പറയാൻ പറ്റൂലല്ലോ ഇതേപോലെ കഷായം കുടിച്ചെന്ന്. ഞാൻ വീട്ടിൽ പറഞ്ഞത് എക്സ്പയറി ഡേറ്റ് കഴിഞ്ഞ പാനീയം കുടിച്ചെന്നാണ്'- ഷാരോൺ പറഞ്ഞതിങ്ങനെ. യുവതിക്ക് അയക്കുന്ന അവസാനത്തെ ശബ്ദ സന്ദേശമാണ് ഇത്. പതിനാലാം തീയതി വൈകുന്നേരമാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. വീട്ടിൽ കഷായം കുടിച്ചെന്ന് പറഞ്ഞാൽ ശരിയാകില്ലെന്നും അതുകൊണ്ട് എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ശീതളപാനീയമാണ് കഴിച്ചതെന്നുമാണ് താൻ പറഞ്ഞിരിക്കുന്നതെന്നും ഷാരോൺ പറഞ്ഞിരുന്നു. അതിനുശേഷമാണ് ഛർദി ആരംഭിച്ചത്.

ഇതിന് തൊട്ടുപിന്നാലെ ഷാരോണിനെ പാറശ്ശാലയിലെ താലൂക്ക് ആശുപത്രിയിലേക്ക് ബന്ധുക്കൾ മാറ്റുകയായിരുന്നു. ഇതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അന്നേ ദിവസം തന്നെ മാറ്റുകയും ചെയ്തു. പിന്നീട് ഒരിക്കലും ഷാരോൺ യുവതിക്ക് ശബ്ദ സന്ദേശം അയച്ചിട്ടില്ല. അതേസമയം ഷാരോണിന്റെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധനാഫലവും മരണത്തിലെ ദൂരഹത വർധിപ്പിക്കുന്നതാണ്. സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല.

എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്. ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.

ഈ മാസം 14നായിരുന്നു ഷാരോൺ പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചത്. പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റെക്കോർഡ് വാങ്ങാൻ ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ പോയതെന്ന് കുടുംബം പറയുന്നു.

സുഹൃത്തിനോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട് ഷാരോൺ തനിച്ചാണ് പെൺകുട്ടിയുടെ വീടിനുള്ളിലേക്ക് പോയത്. കുറച്ച് കഴിഞ്ഞ് പുറത്തുവന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി സുഹൃത്തിനോട് പറഞ്ഞു. വീട്ടിലെത്തിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആശുപ്ത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ടു. 17ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. 9 ദിവസത്തിനുള്ളിൽ അഞ്ച് ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.