തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കേരളം ഞെട്ടുന്നു. ഗ്രീഷ്മ എന്ന പെൺകുട്ടിയാണ് ഷാരോണിനെ വിഷം കൊടുത്തു കൊന്നത്. കഷായത്തിൽ കീടനാശിനി കലക്കി നല്കിയാണ് കൊലപാതകം നടത്തിയത്. കേസിൽ നിർണയകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് കേസിൽ നിർണായകമായത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരങ്ങളാണ് കേസിൽ നിർണായകമായത്. പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചതോടെയാണ് പെൺകുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്.

ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാകും. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് പെൺകുട്ടിയെ ഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.

പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്‌പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്‌പിയും എഎസ്‌പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം വിശദമായ ചോദ്യാവലിയാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറാക്കിയത്.നാലു കാര്യങ്ങളാണ് പ്രധാനമായും അറിയാൻ ശ്രമിച്ചത്. മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിനു ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി എന്ന ചോദ്യവും നിർണായകായി., കഷായം നൽകാനുണ്ടായ സാഹചര്യം എന്താണെന്നാണ് അടുത്തതായി പരിശോധിച്ചത്. ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു? വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പെൺസുഹൃത്തിന്റെ വീട്ടിൽനിന്നു കഷായവും ശീതളപാനീയവും കുടിച്ചശേഷം ഷാരോൺ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണു മെഡിക്കൽ കോളജിലെത്തിയത്. ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം. നേരത്തെ മൊഴി രേഖപ്പെടുത്താൻ പാറശാല പൊലീസ് ശ്രമിച്ചിരുന്നെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വിശദ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. പെൺകുട്ടി നൽകിയ പാനീയം കുടിച്ചാണ് മരണമെന്ന ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണമാണ് കേസിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.