- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറശാല ഷാരോണിന്റെ മരണം കൊലപാതകം; വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്; കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു; കൊലപാതകം ആസൂത്രണം ചെയ്തത് യുവാവിനെ ഒഴിവാക്കാൻ വേണ്ടി; പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ മനം മാറ്റം; എഡിജിപി മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയതായി സൂചന. വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചതായി സൂചനകളാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് സമ്മതിച്ചവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകൾ വ്യക്തമാക്കുന്നത്. കൊലപാതകം യുവാവിനെ ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
പാറശ്ശാല സ്വദേശിനിയായ ഗ്രീഷ്മയാണ് കാമുകന് വിഷം നൽകിയെന്ന് സമ്മതിച്ചിരിക്കുന്നത്. പെൺകുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. കൊലപാതകം നടത്തിയത് യുവാവിനെ ഒഴിവാക്കാൻ വേണ്ടിയാണെന്ന് പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പെൺകുട്ടി, അച്ഛൻ, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10 മണിയോടെ ക്രൈംബ്രാഞ്ചിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുള്ളത്. അതേസമയം കേസിലെ തെളിവുകൾ കണ്ടെത്തുക എന്നതാണ്‌പൊലീസിന് മുന്നിലുള്ള വെല്ലുവിളി.
ചോദ്യം ചെയ്യൽ എട്ടു മണിക്കൂർ പിന്നിട്ടതോടയാണ് കേസിൽ വഴിത്തിരിവുണ്ടയത്. കേസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും. പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഈ മാസം 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. 14ന് രാത്രി ആശുപത്രിയിൽ ചികിൽസ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്‌സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാർത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. ഛർദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്‌സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവ മെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
അന്നും അസാധാരണമായി ഷാരോൺ ഛർദ്ദിച്ചിരുന്നു. അതിന് ശേഷമാണ് പെൺകുട്ടി വീട്ടിൽവച്ച് കഷായവും ജ്യൂസും നൽകിയിരിക്കുന്നത്. എന്നാൽ മജിസ്‌ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഷാരോണിന് നൽകിയ കഷായത്തിന്റെ പേര് ആദ്യം മറച്ചുവച്ചതിലും പിന്നീട് ലേബൽ കീറി കുപ്പി കഴുകി വൃത്തിയാക്കിയെന്ന് സന്ദേശം അയച്ചതിലും കുടുംബം ദുരൂഹത സംശയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ