പാറശ്ശാല: ഷാരോൺ വധക്കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ ശക്തമായിരുന്നു എന്ന വാദം സജീവമാണ്. ഈ അട്ടിമറി പൊലീസ് സീൽ തകർത്ത് ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ കയറിയ ആൾ പൂർത്തിയാക്കുകയാണോ? കേസിൽ ഇതുവരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് ഗ്രീഷ്മയ്ക്ക് രക്ഷപെടാൻ പഴുതുകൾ ഏറെയാണെന്നാണ്. കേസിൽ ഗ്രീഷ്മയെ നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ പോലും പ്രോസിക്യൂഷൻ ശരിക്കും വിയർക്കുന്ന ഘട്ടമുണ്ടായിരുന്നു. ഷാരോൺ സ്വകാര്യ ചിത്രങ്ങൾ തിരിച്ചു നൽകാത്തതാണ് ഗ്രീഷ്മയുടെ പക വളർത്തിയതെന്ന് എന്ന് പ്രതിഭാഗം വാദിച്ചപ്പോൾ പ്രോസിക്യൂഷൻ ശരിക്കും വെട്ടിലായിരുന്നു. കഷ്ടിയാണ് ഈ ഘട്ടത്തിൽ പൊലീസ് തടിയെടുത്തത് എങ്കിൽ ഗ്രീഷ്മയുടെ വീട്ടിൽ മറ്റാരോ കയറി സംഭവം അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ്.

പൊലീസ് ക്രൈം സീനായി രേഖപ്പെടുത്തി സീൽ ചെയ്ത സ്ഥലത്താണ് ആരോ അതിക്രമിച്ചു കയറിയത്. പൊലീസ് സീൽ വച്ച വീട്ടിലാണ് ഇത് മറികടന്ന് ആരോ കയറിയത്. രാമവർമൻ ചിറയിലുള്ള വീടിന്റെ പൂട്ട് തകർന്ന നിലയിലാണ്. ഇതോടെയാണ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഗ്രീഷ്മയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പായിരുന്നു സംഭവം. അതുകൊണ്ട് തന്നെ കേസിന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടു തന്നെ അറിയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

സമാനമായ വിധത്തിൽ ക്രൈംസീനിൽ മറ്റുള്ളവർ അതിക്രമിച്ചു കയറിയ കേസുകൾ പ്രതികളെ വെറുതേവിട്ട വിധികളുണ്ട്. തെലുങ്കാന ഹൈക്കോടതിയിൽ അടക്കമാണ് ഇത്തരം വിധികൾ മുമ്പ് പുറപ്പെടുവിച്ചത്. 2007ൽ ജെ ജഗന്മോഹൻ റെഡ്ഡി എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് പ്രതിഭാഗത്തുള്ളവരെ തെളിവുകൾ വ്യാജമാണെന്ന് കണ്ടെത്തി തെലുങ്കാന ഹൈക്കോടതി പിന്നീട് വെറുതേവിട്ടത്. ജഗന്മോഹൻ റെഡ്ഡി എന്നയാളെ വിഷം നൽകി കൊലപ്പെടുത്തി എന്നതായിരുന്നു ഈ കേസ്. 2018ലാണ് കേസിലെ പ്രതികളെ വെറുതേ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. റെഡ്ഡിയുടെ ഭാര്യ കണ്ടാടി രവീണ, സുഹൃത്ത് തുരുഗോപി കൃഷ്ണരാജു എന്നിവരെയാണ് തെളിവുകൾ വ്യാജമായി ചമച്ചു എന്ന നിഗമനത്തിൽ കോടതി വെറുതേവിട്ടത്. വിഷം നൽകാൻ ഉപയോഗിച്ചെന്ന് കണ്ടെത്തിയ ബോട്ടിൽ അടക്കം കൃത്രിമമായിരുന്നു എന്ന പ്രതിഭാഗം വാദം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അംഗീകരിക്കുകയായിരുന്നു. ഈ കേസിന് സമാനമാണ് ഷാരോൺ കൊലപാതക കേസെന്നുമാണ് ഉയരുന്ന വാദം.

അതുകൊണ്ട് തന്നെ വിചാരണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രതിഭാഗത്തിന് നിരവധി പഴുതുകൾ തന്നെയാണ് ഷാരോൺ കൊലപാതകത്തിലും ഉണ്ടായിരിക്കുന്നത്. തെളിവുകൾ റിക്കവറി ചെയ്യുന്നതിന് മുമ്പായി പ്രദേശത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ കേസിൽ ഇനി തെളിവുകൾ കണ്ടെടുത്താൽ പോലും ആ തെളിവുകളും സൃഷ്ടിക്കപ്പെട്ടതാണെന്ന പ്രതീതി ഉണ്ടാക്കാൻ ഇടയാക്കും. കോടതി പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാനും സാധ്യതയുണ്ട്. ഇതെല്ലാമാണ് ഗ്രീഷ്മയ്ക്കും ഭാവിയിൽ കേസിൽ അനുകൂലമായേക്കുക.

കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ കാരക്കോണത്തിന് സമീപം രാമവർമ്മൻചിറയിലെ അവരുടെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തിരുന്നു. ഞായറാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് രാത്രിവരെ നീണ്ടു. ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം കേരള പൊലീസിന്റെ ഫൊറൻസിക് വിഭാഗവുമെത്തിയിരുന്നു. കഷായം നിർമ്മിച്ച പാത്രവും കഷായത്തിന്റെ പൊടിയും വീട്ടിൽ നിന്നു കണ്ടെത്തുകയുണ്ടായി. ഈ തെളിവുകൾ ഇപ്പോഴത്തെ സഹാചര്യത്തിൽ എത്രകണ്ട് നിലിൽക്കുമെന്ന ചോദ്യമാണ് ഉയരുന്ന്.

കഴിഞ്ഞ 14-ന് ഷാരോണും താനും ഗ്രീഷ്മയുടെ വീട്ടിലെത്തിയിരുന്നതായും തന്നെ പുറത്ത് നിർത്തിയ ശേഷം ഷാരോൺ വീടിനുള്ളിലേക്ക് പോയെന്നും ഷാരോണിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്ന് ഷാരോണിന് വീടിനുള്ളിൽ വച്ച് കഷായത്തിൽ കളനാശിനി കലക്കി നൽകിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. അതേസമയം ഇതിന് നേരിട്ട് സാക്ഷികളാരും ഇല്ലതാനും. ഇതെല്ലാം ഭാവിയിൽ കേസിൽ തിരച്ചടി സാധ്യത വർധിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് പൊലീസ് അന്വേഷിക്കേണ്ട കേസാണിതെന്ന വാദം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്തരം സാഹചര്യങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിൽ അട്ടിമറി പൂർണമാണെന്ന നിഗമനത്തിലേക്കും എത്തിച്ചേരണ്ട ഘട്ടമുണ്ട്.

ഇന്നലെ ഷാരോൺ വീട്ടിലെത്തിയ ദിവസം അവിടെ നടന്ന സംഭവങ്ങൾ പൊലീസ് പുനഃസൃഷ്ടിച്ചിരുന്നു. തെളിവെടുപ്പിൽ ഗ്രീഷ്മ സഹകരിച്ചു. തെളിവെടുപ്പിനിടയിൽ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷാരോൺ ഛർദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. അതേസമയം ഷാരോണിന്റെ ജ്യൂസിൽ മുമ്പും ജ്യൂസിൽ കളനാശിനി കലർത്തി ഷാരോണിന് നൽകിയിരുന്നതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തലുമുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചത്. പതിന്നാലാം തീയതിക്ക് മുമ്പ് പലപ്പോഴും ജ്യൂസിൽ കളനാശിനി കലർത്തി ഷാരോണിന് നൽകിയിരുന്നതായി അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് പലതവണ ജ്യൂസ് ചലഞ്ച് സംഘടിപ്പിച്ചത്.

കന്യാകുമാരി, കുഴിത്തുറ പഴയ പാലം, നിർമ്മാണം പുരോഗമിക്കുന്ന ബൈപ്പാസ് എന്നിവിടങ്ങളിൽ ഷാരോണിനോടൊപ്പം പോയിട്ടുണ്ട്. ഈ സമയങ്ങളിൽ ജ്യൂസിൽ കളനാശിനി കലർത്തി നൽകിയിരുന്നു. ചില ദിവസങ്ങളിൽ ഷാരോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അത് കാലാവധി കഴിഞ്ഞ ജ്യൂസായിരിക്കുമെന്ന് പറഞ്ഞിട്ടുള്ളതായി ഗ്രീഷ്മ വെളിപ്പെടുത്തി. ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോൺ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കഷായത്തിൽ കളനാശിനി കലർത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോൺ കാണുന്ന തരത്തിൽ സൂക്ഷിച്ചു.

സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയിൽ സംശയമുണ്ടെങ്കിൽ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടർന്ന് കഷായം എടുത്ത് നൽകുകയായിരുന്നു. കഷായം കുടിച്ച ഉടനെ ഷാരോൺ ഛർദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നൽകിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ. വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയിൽ ഈ രംഗങ്ങൾ അന്വേഷണസംഘത്തിന് മുന്നിൽ പുനരാവിഷ്‌കരിക്കുകയും ചെയ്തു.