തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നിർണായക തെളിവുകൾ നശിപ്പിക്കുന്നതിന് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് കുടുംബത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. ഷാരോണിന്റെ ദുരൂഹ മരണത്തിൽ ആരോപണം ഉയർന്നതോടെ പൊലീസ് ചോദ്യം ചെയ്താൽ എങ്ങനെ മറുപടി പറയണം എന്നതടക്കം ഗ്രീഷ്മ കുറ്റകൃത്യത്തിൽ പങ്കാളിയായ അമ്മയോടും അമ്മാവനോടും ചർച്ച ചെയ്തതായാണ് വിവരം.

പാറശാല മുര്യങ്കര സ്വദേശി ഷാരോൺ മരിച്ചത് വിഷം കലർന്ന കഷായം കുടിച്ചാണെന്ന വാർത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കീടനാശിനികൾ പരിശോധിച്ചിരുന്നു. കളിയിക്കാവിളയിൽ നിന്നും കർഷകനായ അമ്മാവൻ നിർമ്മൽ കുമാർ വാങ്ങിവച്ചിരുന്ന കീടനാശിനിക്കുപ്പികളിലെ ഒരെണ്ണത്തിൽ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ അച്ഛനോട് ഈ വിവരങ്ങൾ പറഞ്ഞിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

അമ്മയുടെ നിർദ്ദേശപ്രകാരമാണ് അമ്മാവൻ വിഷകുപ്പി കന്യാകുമാരിയിലെ രാമവർമൻചിറയിലെ വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തുള്ള കുളത്തിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി കളഞ്ഞത്. അതേസമയം, വിഷം കലർത്താൻ അമ്മ ഗ്രീഷ്മയെ സഹായിച്ചു എന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.

ഞായറാഴ്ച രണ്ട് മണിയോടെയാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. എന്താണ് വിഷം, ആരു കൊടുത്തു, എന്തിനു കൊടുത്തു എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്. കുറ്റം സമ്മതിച്ച ഗ്രീഷ്മ ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. കുറ്റബോധമൊന്നും ഗ്രീഷ്മയിൽ കണ്ടില്ലെന്ന് ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ നിർമ്മൽ കുമാർ കർഷകനാണ്. ഇദ്ദേഹം താമസിക്കുന്നത് ഷാരോണിന്റെ വീടിനടുത്താണ്. ഇടയ്ക്കു ഗ്രീഷ്മ ആ വീട്ടിലേക്കു പോകുമായിരുന്നു. കളിയിക്കാവിളയിൽനിന്ന് അമ്മാവൻ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിക്കുകയായിരുന്നു. വാങ്ങിയ കഷായത്തിൽ ഇതു കലർത്തി ഷാരോണിനു നൽകുകയായിരുന്നു. ഷാരോൺ അവശനിലയിലായതോടെ ബന്ധുക്കൾക്കു സംശയം ഉണ്ടായി. ഷാരോണുമായി ഇപ്പോൾ ബന്ധമില്ലെന്നായിരുന്നു ഗ്രീഷ്മ സ്വന്തക്കാരോട് ആണയിട്ടിരുന്നത്.

പ്രണയ ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയാറാകാത്തതോടെയാണ് ഗ്രീഷ്മ കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്. പ്രണയവുമായി മുന്നോട്ടു പോയാൽ അമ്മ ആത്മഹത്യ ചെയ്യുമെന്നു പറയുന്ന ഓഡിയോ ഷാരോണിന് അയച്ചു കൊടുത്തെങ്കിലും ബന്ധത്തിൽ ഷാരോൺ ഉറച്ചു നിന്നു. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്കു ഗ്രീഷ്മ കടന്നത്.

ഗ്രീഷ്മയുടെ വീട്ടിലുണ്ടായിരുന്ന കഷായം വാങ്ങിയത് എവിടെ നിന്നാണ് വാങ്ങിയത് എന്നതടക്കം അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു. ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാമുകൻ ഷാരോൺ രാജ് മരിച്ച സംഭവത്തിൽ സംശയമുനയിലുണ്ടായിരുന്ന ഗ്രീഷ്മയോട് ഇഴകീറി ചോദ്യങ്ങൾ ഉന്നയിച്ചതോടെ ആസൂത്രണം അടക്കം കുറ്റകൃത്യത്തിന്റെ ഓരോ ഘട്ടവും തെളിയുകയായിരുന്നു.

പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണ് റൂറൽ എസ്‌പി ഓഫിസിലെ ചോദ്യം ചെയ്യൽ മുറിയിൽവച്ച് ഗ്രീഷ്മ പറഞ്ഞത്. അതേസമയം, കഷായത്തിന്റെ പേര് രണ്ടു തവണ മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം സൃഷ്ടിച്ചു.

ഫിസിയോതെറാപ്പിസ്റ്റായ കസിന്റെ കൂട്ടുകാരനായ ആയുർവേദ ഡോക്ടറാണ് മുട്ടുവേദനയ്ക്ക് കഷായം നിർദ്ദേശിച്ചതെന്നും ഗ്രീഷ്മ പറഞ്ഞു. നേരത്തേ ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഇതേ കാര്യമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. ഷാരോണിന്റെ ബന്ധുക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ഗ്രീഷ്മയുടെ മുന്നിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾപ്പിച്ചു. ഈ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ, ഉറച്ചു നിൽക്കുന്നു എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

ഒക്ടോബർ 30ന് രാവിലെയാണ് ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും മകളെയും ചോദ്യം ചെയ്യലിനായി പിഎംജിയിലുള്ള റൂറൽ എസ്‌പി ഓഫിസിലേക്ക് വിളിപ്പിച്ചത്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചശേഷം വ്യത്യസ്ത കേന്ദ്രങ്ങളിലാണ് ഇവരെ ചോദ്യം ചെയ്തത്. ഗ്രീഷ്മയെ ഒരിടത്തു ചോദ്യം ചെയ്യുമ്പോൾ, അച്ഛനെയും അമ്മയെയും ബന്ധുക്കളെയും വിവിധ സ്ഥലങ്ങളിൽ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു.

കഷായം വാങ്ങിയ മൊഴിയിൽ ഗ്രീഷ്മ ഉറച്ചു നിന്നതോടെ, അമ്മയുടെ സഹോദരന്റെ മകളായ ഫിസിയോതെറാപ്പിസ്റ്റ് നൽകിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഗ്രീഷ്മയ്ക്കു മുന്നിൽ വിശദീകരിച്ചു. അവർ സംസാരിക്കുന്ന ഓഡിയോയും കേൾപ്പിച്ചു.

ഗ്രീഷ്മയ്ക്കു കഷായം വാങ്ങാൻ സഹായം നൽകിയിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഇതോടെ പ്രതിസന്ധിയിലായ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനു മുൻപ് ആയുർവേദ ഡോക്ടറിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. താൻ കഷായം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ആദ്യമായാണ് ഷാരോണിനു വിഷം നൽകുന്നതെന്നും ജൂസിൽ വിഷം കലർത്തിയിരുന്നില്ലെന്നും ഗ്രീഷ്മ പറഞ്ഞതായി പൊലീസ് പറയുന്നു.

കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെ രാമവർമൻചിറയിലെ വീട് പൊലീസ് സീൽ ചെയ്തു. ഇവിടെ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് രണ്ട് പ്രതികളെയും പൊലീസ് വീട്ടുവളപ്പിലെത്തിച്ചത്. ഇവരെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയിരുന്നു.

വീടിനടുത്തുള്ള കുളത്തിനടുത്തേക്കാണ് നിർമലിനെ ആദ്യം കൊണ്ടുപോയത്. മരുമകൾ ഷാരോണിന് കലർത്തിക്കൊടുത്ത കീടനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.കുപ്പി കണ്ടെടുത്തതിന് പിന്നാലെ പ്രതികളെ വീടിന്റെ പിറകുവശത്തേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് കീടനാശിനിയുടെ ലേബൽ കണ്ടെത്തിയത്.

കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കുപ്പികളിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.മൂന്ന് മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. മുഖ്യപ്രതിയായ ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരാത്തതിനാൽ വീടിനകത്ത് ഇന്ന് പരിശോധന നടത്തിയില്ല.

കീടനാശിനിയുമായി പ്രതി പോയ സ്‌കൂട്ടറും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.