തിരുവനന്തപുരം : പാറശ്ശാലയിൽ റേഡിയോളജി വിദ്യാർത്ഥി ഷാരോൺ രാജിന്റെ മരണത്തിലെ ദുരൂഹത മറ നീക്കാതെ തുടരുന്നു. യുവാവ് മമരിച്ച സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. ഷാരോൺ രാജ് പാനീയം നൽകിയ കാമുകിയുമായി അതിന് ശേഷം നടത്തിയ വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌ന കാരണമെന്നും ഷാരോൺ പറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്‌സ് ആപ്പ് സന്ദേശത്തിലുണ്ട്. ഷാരോൺ കാമുകിയുമായി നടത്തിയ അവസാന വാട്‌സ് ആപ്പ് സന്ദേശമാണ് പുറത്ത് വന്നത്.

ഈ മാസം 14 ന് തമിഴ്‌നാട് രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ പരാതി. ആദ്യം പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ് ഷാരോണിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിക്കാൻ നൽകി.

കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്. എന്നാൽ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ജ്യൂസ് കുടിച്ചുവെന്ന് പറഞ്ഞെങ്കിലും ഇതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കാമുകിയുടെ വീട്ടിൽ നിന്ന് കഷായം കുടിച്ച യുവാവ് മരിച്ച സംഭവം വിഷം നൽകിയുള്ള കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎസ്‌സി അവസാനവർഷ വിദ്യാർത്ഥിയായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഷാരോണിനെ അന്ധവിശ്വാസത്തിന്റെ പേരിൽ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

മരണമൊഴി എടുത്തതോടെ സംശയം ഇല്ലാതായി

ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി പറഞ്ഞു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.'ഷാരോണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഷാരോണുമായി ഒരുപാട് അടുത്തതിന്റെ പേരിൽ ഇത് മുടങ്ങുകയായിരുന്നു. ഷാരോണിന്റെ വീട്ടിൽ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു.

നവംബറിൽ പെൺകുട്ടിയുടെ പിറന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. നടുവേദനയ്ക്കുള്ള കഷായമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്‌പ്പായിരുന്നത് കാരണം പെൺകുട്ടിക്ക് കഴിക്കാൻ മടിയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുമായിരുന്നു. അങ്ങനെയാണെങ്കിൽ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയ ദിവസം ഷാരോൺ കഷായം കുടിച്ചത്. കഷായം തീരുന്ന ദിവസമായിരുന്നതിനാൽ കുടിക്കാനുള്ളത് മാറ്റി വച്ച ശേഷം ബോട്ടിൽ പെൺകുട്ടി കഴുകി വച്ചു.

'കഷായം നല്ല കയ്‌പ്പായതിനാൽ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാൾ ഛർദിച്ചു. രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കിൽ പോകുമ്പോഴും ഇത് തുടർന്നെന്ന് പറയുന്നു. അന്നേദിവസം വീട്ടിൽ എത്തിയപ്പോൾ ഒട്ടും വയ്യ എന്നാണ് അവൻ പെൺകുട്ടിയോട് പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോൾ ഷാരോണിന് ഛർദിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യം പോയ ആശുപത്രിയിൽ ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യമേ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു.

'ആശുപത്രിയിൽ നിന്നും വിവരം കിട്ടിയ ഉടൻ മജിസ്‌ട്രേറ്റിനെക്കൊണ്ട് ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്. പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി. തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവൾ തരില്ലെന്നാണ് മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയിൽ പറയുന്നത്. തനിക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങൾ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.'- എസ് ഐ സജി പറഞ്ഞു.