കൂത്തുപറമ്പ്: '14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്' - ചോദ്യം ചെയ്യുന്നതിനിടെ ശ്യാംജിത്ത് പറഞ്ഞതു കേട്ട് പൊലീസും ഞെട്ടി. കേരളത്തിൽ ഒരു പ്രതിയും ഇന്നുവരെ പറയാത്ത വാക്കുകളാണ് ഇത്. അതിക്രൂര കൊലപാതകം പുറംലോകമറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി എന്നതും ശ്രദ്ധേയമാണ്. ഇതിന് കാരണം വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളായിരുന്നു.

മൊകേരി വള്ള്യയിലെ വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞ് വീട്ടിലെത്തിയപ്പോൾതന്നെ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ടവർ ലൊക്കേഷൻ പിടിച്ചെത്തിയാണ് ശ്യാംജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിനുസമീപത്തുവച്ച് പൊലീസ് പിടികൂടിയത്. വിഷ്ണുപ്രിയയുടെ ഫോണിലെ വിവരങ്ങളാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. പ്രണയം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. കത്തിയും ചുറ്റികയും കയറും പ്രതി ബാഗിൽ കരുതിയിരുന്നു. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിക്കുകയും കഴുത്തറക്കുകയുമായിരുന്നു. കാലിനും കൈക്കും മുറിവേൽപ്പിച്ചു. അങ്ങനെ അതിക്രൂര കൊലപാതകം.

ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഈ ഫോൺ സംഭാഷണം വിഷ്ണുപ്രിയ കട്ടുചെയ്തു. വീഡിയോ കോളിലുണ്ടായിരുന്ന സുഹൃത്തിന് ശ്യാംജിത്തിന്റെ വരവിൽ ദുരൂഹത തോന്നിയതിനാൽ വിവരം കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കൊലപാതകവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും രണ്ട് മാസമായി അകൽച്ചയിലാണെന്നും വിവരം ലഭിച്ചു. ഇയാളുടെ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് മാനന്തേരിയിലെ വീട്ടിലേക്ക് പൊലീസ് എത്തിയത്.

മൂന്നുദിവസമായി കൊലപാതകത്തിനുള്ള ആസൂത്രണത്തിലായിരുന്നു പ്രതി. കൃത്യം നടത്തിയതിനുശേഷം വീടിന് സമീപത്തെ കുളത്തിൽനിന്നാണ് കുളിച്ച് വൃത്തിയായത്. അങ്ങാടികുളത്തിൽ ആയുധവും ഉപേക്ഷിച്ചുവെന്നാണ് സൂചന. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. കുളത്തിൽ നിന്ന് ഇതും കണ്ടെത്തും. സഹോദരിയുടെ സഹപാഠി എന്ന നിലയിലായിരുന്നു വിഷ്ണു പ്രിയയുമായുള്ള അടുപ്പം. പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ പെൺകുട്ടിക്ക് യുവാവുമായി അത്ര അടുപ്പം ഇല്ലായിരുന്നുവെന്നാണ് മറ്റുള്ളവർ പറയുന്നത്. പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്ന ശ്യാംജിത്ത് എങ്ങനെ ഇത്ര ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിയുന്നില്ല.

രാവിലെ പത്തര വരെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ ശ്യാംജിത്ത് സഹായിയായി നിന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങാനായി പോയത്. കൊലപാതകം നടത്തിയ തിരികെ വീട്ടിലെത്തിയ പ്രതി വസ്ത്രം മാറിയ ശേഷം വീണ്ടും ഹോട്ടലിൽ എത്തി ജോലി തുടർന്നു. പൊലീസ് എത്തുമ്പോൾ മാത്രമാണ് അരുംകൊല നടത്തിയ ശേഷമാണ് ശ്യാംജിത്ത് എത്തിയതെന്ന് വീട്ടുകാരും നാട്ടുകാരും അറിയുന്നത്.

മാനന്തേരി സത്രത്തിൽ പിതാവിന്റെ പേരിലുള്ള ഹോട്ടലിൽ സഹായിയായി നിൽക്കാറുള്ള ശ്യാംജിത്ത് ശനിയാഴ്‌ച്ച രാവിലെ 10.30 വരെ ഹോട്ടലിൽ ഉണ്ടായിരുന്നു. വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷം ബൈക്കിൽ കൂത്തുപറമ്പിൽ എത്തിയ പ്രതി നഗരത്തിലെ ഒരു കടയിൽ നിന്നും ചുറ്റികയും വാങ്ങിയാണ് വിഷ്ണുപ്രിയയുടെ വള്ള്യായിലെ വീട്ടിൽ എത്തിയത്. എങ്ങനെയെങ്കിലും യുവതിയെ വകവരുത്തുകയെന്ന ഉദ്യേശത്തിൽ തന്നെയായിരുന്നു പ്രതിയെന്നാണ് പൊലീസ് കരുതുന്നത്. മരണം ഉറപ്പിക്കുന്നതിന് വേണ്ടി ഇയാൾ കത്തിയും , കയറും നേരത്തെ കയ്യിൽ കരുതിയിരുന്നു.

മൂന്ന് മണിയോടെ കൂത്തുപറമ്പ് അസി.കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോഴാണ് ശ്യാംജിത്തിന്റെ ക്രൂരകൃത്യം വീട്ടുകാരും , നാട്ടുകാരും അറിയുന്നത്.