- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അടിച്ചു തകർത്ത കേസിൽ എസ് ഐ സമ്പത്തിനെതിരെ കേസെടുത്ത് കേരളാ പൊലീസ്. പൊലീസ് കംപ്ലൈന്റ് അഥോറിട്ടിയുടെ നിർദ്ദേശ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ 6 വർഷം മുൻപ് നേമം പൊലീസ് സ്റ്റേഷനകത്തുവച്ച് ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്ത കേസിലാണ് വഴിത്തിരിവ്.
അന്നത്തെ നേമം സബ് ഇൻസ്‌പെക്ടർ കെ.സമ്പത്ത്, പൊലീസുകാരനായിരുന്ന അജയകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഷജീറിനെ ശനിയാഴ്ച നേമം സ്റ്റേഷനിൽ അടിയന്തരമായി വിളിച്ചുവരുത്തി മൊഴിയെടുത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് കേസ്. ഐപിസിയിലെ 294(ബി), 323, 324, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. 2007 മെയ് 14ന് ഉച്ചയ്ക്കാണ് സംഭവമെന്നും പൊലീസ് വിശദീകരിക്കുന്നു. സംഭവം നടക്കുമ്പോൾഷജീർ നേമം യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നു.
2017 മെയ് 14 നാണ് നേമം ഷജീർ പൊലീസ് സ്റ്റേഷനുള്ളിൽ ക്രൂരമർദനത്തിന് ഇരയായത്. മർദനത്തിനു ശേഷം ഷജീറിന് 19 ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നു. സമ്പത്ത് ഒന്നാം പ്രതിയും അജയകുമാർ കേസിൽ രണ്ടാം പ്രതിയുമാണ്. കണ്ണൻ എന്നയാളുമായി ബന്ധപ്പെട്ട പരാതിയിൽ ഒത്തുതീർപ്പിനെത്തിയതായിരുന്നു അന്ന് യൂത്ത് കോൺഗ്രസ് നേമം മണ്ഡലം പ്രസിഡന്റായിരുന്ന ഷജീർ. കണ്ണന്റെ സഹോദരൻ ശ്രീകാന്തും ഒപ്പമുണ്ടായിരുന്നു. അജയകുമാറുമായി സംസാരിച്ച് മടങ്ങുകയും ചെയ്തു. അൽപസമയത്തിന് ശേഷം കണ്ണനെ അജയകുമാർ മർദിക്കുന്നതായി ശ്രീകാന്ത് വിളിച്ചറിയിച്ചതനുസരിച്ചാണ് ഷജീർ പൊലീസ് സ്റ്റേഷനിൽ വീണ്ടുമെത്തിയത്.
പൊതുപ്രവർത്തകനായ തന്റെ മുന്നിൽവച്ച് ഒരാളെ മർദിക്കുന്നത് ശരിയല്ലെന്ന് ഷജീർ പറഞ്ഞതോടെ അജയകുമാറും എസ്‌ഐ കെ.സമ്പത്തും അസഭ്യം പറയുകയും മർദിക്കുകയും കൈമുട്ടുകൾ കൊണ്ട് ഇടിക്കുകയും തറയിൽ തള്ളിയിട്ട് ബൂട്ടിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റ ഷജീറിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം തിരുവല്ലം സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് എം.വിൻസന്റ് എംഎൽഎ ഇടപെട്ട് ഷജീർ തിരുവല്ലത്ത് ഉള്ളതായി മനസ്സിലാക്കുകയും ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അജയകുമാർ ഇപ്പോൾ അതേ സ്റ്റേഷനിലെ സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് ജീവനക്കാരനാണ്. മണ്ണന്തല പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് കെ.സമ്പത്ത്.
സംഭവത്തിന് ശേഷം കോടതി വഴിയും ഡിജിപി, പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റി എന്നിവർക്കും പരാതി നൽകിയിരുന്നു. അതിനിടെയാണ് 6 വർഷത്തിന് മുൻപ് ഡിജിപിക്ക് നൽകിയ പരാതിയിൽ 5 ദിവസത്തിനുള്ളിൽ കേസെടുക്കാൻ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. അതിനിടെ കപ്ലെയിന്റ് അഥോറിട്ടിയുടെ നിർദ്ദേശ പ്രകാരമാണ് കേസെന്നാണ് സൂചന.
മരണ കാരണമായേക്കാവുന്ന മർദനത്തിന് ഇരയായിട്ടും ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത് പ്രഹസനമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. നേമം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും നേതാക്കൾ പറഞ്ഞു.