- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അപ്പീൽ നൽകുമെന്ന് സിബി മാത്യൂസ്
തിരുവനന്തപുരം: മുൻ ഡിജിബി സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. സർവീസ് സ്റ്റോറിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വിവരങ്ങൾ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് സിബി മാത്യൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ എസ് പി ജോഷ്വോ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തത്.
ജോഷ്വോ നൽകിയ പരാതി ആദ്യം മണ്ണന്തല പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നു. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി കേസെടുക്കാൻ നിർദ്ദേശം നൽകിയത്. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. സിബി മാത്യൂസിന്റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരനായ കെകെ ജോഷ്വ.
പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട് അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചത്. കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാനാണ് മണ്ണന്തല പൊലീസിന് കോടതി നിർദ്ദേശം നൽകിയത്. തുടർന്നാണിപ്പോൾ പൊലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്.
അതേസമയം, കേസെടുക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബി മാത്യൂസ് പറഞ്ഞു. ഒരിക്കൽ ഹൈക്കോടതി പരിഗണിച്ച കേസാണിത്. ഇപ്പോൾ മറ്റൊരു ബെഞ്ചാണ് കേസെടുക്കണം എന്ന് വിധിച്ചിരിക്കുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു. ഇതോടെ കേസിൽ നിയമ പോരാട്ടം തുടരുമെന്ന് ഉറപ്പായി. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽനിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
"അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്‌കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്ന് പ്രാഥമികമായി വെളിപ്പെടുന്നു"കോടതി ചൂണ്ടിക്കാട്ടി. സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങൾ വച്ച് അതിജീവിതയെ തിരിച്ചറിയാൻ പറ്റുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിട്ടാൽ കേസെടുക്കണമെന്നു സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പുസ്തകം പുറത്തിറങ്ങി 2 വർഷം കഴിഞ്ഞു മാത്രമാണ് പരാതിപ്പെട്ടതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു പകരം പ്രാഥമികാന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ അഭിഭാഷകനും വാദിച്ചു. 2017 മേയിലാണ് പുസ്തകം പുറത്തു വന്നത്. പരാതി നൽകിയത് 2019 ഒക്ടോബറിലും.