കൊച്ചി: എറണാകുളം അയ്യമ്പള്ളിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ ആൺകുട്ടിയെ കണ്ടെത്തി. പതിമൂന്നുകാരനായ ഇളയകുട്ടിയെ ആണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പതിനഞ്ചുകാരിയായ സഹോദരിയെ ഇനിയും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടാകെ സഹോദരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടികളിൽ ഒരാളെ വീട്ടിൽ തിരിച്ചെത്തിച്ചത്.

ബുധനാഴ്ച തിരുവനന്തപുരത്തുടനീളം മുനമ്പം പൊലീസ് അന്വേഷണം നടത്തിയിരുന്നു. കുട്ടികൾ തിരുവനന്തപുരത്തുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. വ്യാപകമായ അന്വേഷണത്തിനൊടുവിൽ ആൺകുട്ടിയെ കണ്ടെത്തുകയും എറണാകുളത്ത് തിരിച്ചെത്തിക്കുകയും ചെയ്തത്. പെൺകുട്ടിയെ കുറിച്ച് കൂടുതൽ വിവരം ഇളയകുട്ടിയിൽ നിന്ന് അറിയാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പെൺകുട്ടി തന്നെയാണ് അനുജനെ തിരികെയെത്തിക്കാൻ സഹായിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. ആൺകുട്ടിയിൽ നിന്ന് ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്റെ തുടർന്നുള്ള നീക്കങ്ങൾ.

തൃശ്ശൂർ ചേർപ്പിൽ അച്ഛന്റെ വീട്ടിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ കുട്ടികളെ കാണാതായതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫോൺ ഓഫായതോടെ പൊലീസിന് വിവരം ലഭിക്കാതെയായി. പെൺകുട്ടിയെ എത്രയും വേഗം കണ്ടെത്താമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

കാണാതായ സഹോദരിയെ കുറിച്ച് ഇന്നലെ വൈകുന്നേരം മുതൽ വിവരമില്ലെന്നാണ് ആൺകുട്ടി നൽകുന്ന മൊഴി. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യങ്ങൾ വച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. അതിന് ശേഷം കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലുള്ളതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

തിരിച്ചെത്തിയ കുട്ടിയിൽനിന്നു വിവരങ്ങൾ ലഭിക്കുന്നതിനു പൊലീസ് ശ്രമിക്കുന്നുണ്ട്. പെൺകുട്ടിക്കു സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ ഉണ്ടെന്നാണു വിവരം. പെൺകുട്ടി ആരെയോ കണ്ടെത്തിയതോടെ ആൺകുട്ടി തിരിച്ചു പോരുകയായിരുന്നുവെന്നാണ് സൂചന.