- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇനിയും പ്രതികൾ മേൽ കൊലപാതക കുറ്റം ചുമത്താതെ പൊലീസും
കൽപ്പറ്റ: പൂക്കോട് സർവ്വകലാശായിൽ സിദ്ധാർത്ഥിനെ കൊന്ന് കെട്ടിതൂക്കിയതെന്ന വാദത്തിന് ബലമേകി ഡീൻ എം കെ നാരായണന്റെ വെളിപ്പെടുത്തലുകൾ. സിദ്ധാർത്ഥന് ചികിൽസ ഉറപ്പാക്കിയെന്ന കോളേജിലെ ചിലരുടെ വാദമാണ് ഡീൻ പൊളിക്കുന്നത്. ആത്മഹത്യാ ശ്രമത്തിന്റെ വിവരം ആദ്യം അറിയിച്ചത് അസിസ്റ്റന്റ് വാർഡനാണ്. ഉടനെ തന്നെ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തി. സിദ്ധാർഥിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ മരണം സ്ഥിരീകരിച്ചുവെന്ന് ഡീൻ പറയുന്നു. അതായത് ആംബുലൻസിൽ കയറ്റുമ്പോഴും സിദ്ധാർത്ഥിന് ജീവനുണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. അതിനിടെയ സിദ്ധാർത്ഥിനെ തല്ലിക്കൊന്നുവെന്ന സഹപാഠിയുടെ ഓഡിയോയും പുറത്തു വന്നു.
വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഡീൻ എം കെ നാരായണൻ രംഗത്തു വന്നിരുന്നു. തനിക്ക് ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡീനിന്റെ ജോലി സെക്യൂരിറ്റി സർവീസല്ല. എല്ലാ ദിവസവും കാമ്പസിൽ പോയി നോക്കാൻ കഴിയില്ല. സർവകലാശാലാ ചുമതലയാണ് തനിക്കുള്ളത്. സിദ്ധാർഥിന്റെ മരണം യഥാസമയം ബന്ധുക്കളെ അറിയിച്ചു. മരണം സ്ഥിരീകരിച്ച് പത്ത് മിനുട്ടിനുള്ളിൽ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. കൂടെയുണ്ടായിരുന്ന പി ജി വിദ്യാർത്ഥിയാണ് വിവരം അറിയിച്ചതെന്നും ഡീൻ പറഞ്ഞു. ഇതിനൊപ്പമാണ് ആശുപത്രിയിൽ എത്തിച്ചത് മൃതദേഹമാണെന്ന ഡീനിന്റെ വെളിപ്പെടുത്തലും എത്തുന്നത്. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് സിദ്ധാർത്ഥിനെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചതെന്ന് സാരം.
സിദ്ധാർത്ഥിനെ തല്ലിക്കൊന്നുവെന്നാണ് ഓഡിയോ. ഹീനമായി പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ തല്ലിക്കൊന്നു. ബെൽറ്റു കൊണ്ടാണ് തല്ലിയത്. അത് തല്ലിക്കൊന്നത് തന്നെയാണ്. അവന്റെ ബാച്ചിലുള്ളവർക്കും പങ്കുണ്ട്. പുറത്ത് മാന്യന്മാരായി നയിക്കുന്നവർക്കും കൊലയിൽ പങ്കുണ്ട്. കൂട്ടുകാർ എല്ലാവരും ചേർന്ന് കൊല്ലിപ്പിച്ചതാണെന്നാണ് ഓഡിയോയിലെ വെളിപ്പെടുത്തൽ. വീട്ടുകാർക്കാണ് സുഹൃത്തിന്റെ ഓഡിയോ സന്ദേശം നൽകിയത്. ഈ ഓഡിയോയാണ് പുറത്തു വരുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതിലുള്ളത്. അതീവ വിഷമത്തിലാണ് കുട്ടിയുടെ പ്രതികരണം. കഴുകന്മാരെക്കാൾ മോശക്കാരാണ് ഇതെല്ലാം ചെയ്തതെന്നും ഓഡിയോയിൽ പറയുന്നു.
തല്ലിക്കൊന്ന് കെട്ടി തൂക്കിയെന്ന വാദം ശരിവയ്ക്കുന്ന വാദമാണ് ഇപ്പോൾ ഡീനും വാക്കുകളിൽ ഒളിപ്പിച്ചു വച്ചത്. നേരത്തെ സിദ്ധാർത്ഥ് എങ്ങനെയാണ് മരിച്ചതെന്ന് അറിയാമെന്ന വാട്‌സാപ്പ് ചാറ്റും പുറത്തു വന്നിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാർത്ഥികളെ ഉടൻ തന്നെ കാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതികളായ 18 വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദ്ദനം, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന. എന്നാൽ കൊലക്കുറ്റം ചുമത്തിയിട്ടില്ല. കൊലപാതക ശ്രമം പോലും ഇല്ല. അതിക്രൂര മർദ്ദനത്തിന് കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ടതാണ്.
സിദ്ധാർത്ഥനെ നാലിടത്തു വെച്ച് പ്രതികൾ മർദ്ദിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മർദ്ദന വിവരം പുറത്ത് ആരും അറിയാതിരിക്കാനായി സിദ്ധാർത്ഥന്റെ ഫോൺ പ്രതികൾ പിടിച്ചു വച്ചിരുന്നതായി പൊലീസ് പറയുന്നു. 16-ാം തീയതി ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർത്ഥനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർത്ഥൻ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർത്ഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പിറ്റേന്നു വീണ്ടും മർദ്ദിച്ചു. അന്ന് പ്രതികൾ ഫോൺ കൈമാറി. തുടർന്ന്, ഫോണിൽ അമ്മയോട് 24ന് വീട്ടിലെത്തുമെന്നു സിദ്ധാർത്ഥൻ പറഞ്ഞു. പിന്നീടു കേൾക്കുന്നതു മരണവാർത്തയാണ്.
18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്ന് വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ സിദ്ധാർത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികളുടെ നേതൃത്വത്തിലാണ് അഴിച്ചെടുത്തത്. ആരോടും പറയരുതെന്നു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. കോളേജിലെ പെൺകുട്ടിയുടെ ബന്ധുക്കളും മർദ്ദിക്കാനെത്തിയെന്ന ആരോപണവും ശക്തമാണ്.