കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്രൂര മർദനമേറ്റേ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥനെതിരേ പെൺകുട്ടിയുടേതെന്ന പേരിൽ ലഭിച്ച പരാതിയിൽ ദുരൂഹത. സിദ്ധാർത്ഥിനെതിരേ പരാതിയിൽ മൊഴി എടുക്കാനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ആന്റി റാഗിങ് സ്‌ക്വാഡ് വിളിപ്പിച്ചെങ്കിലും പെൺകുട്ടി ഹാജരായില്ല. കേസ് അന്വേഷണത്തിന് സിബിഐ എത്തുമ്പോൾ ആദ്യം ചോദ്യം ചെയ്യുക ഈ കുട്ടിയെ ആകും. തൃശൂരുകാരിയായ പെൺകുട്ടി നിലവിൽ ഒളിവിലാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ആന്റി റാഗിങ് സ്‌ക്വാഡിൽ 97 പേരാണു മൊഴിനൽകിയത്. സിദ്ധാർഥൻ മരിക്കുന്നതിനുമുമ്പ് ക്രൂരമായ മർദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീൻ നിർദേശിച്ചെന്ന് മറ്റൊരു വിദ്യാർത്ഥി മൊഴി നൽകി. ആന്റി റാഗിങ് ഹെൽപ് ലൈൻ മുഖേന ലഭിച്ച പരാതികളിൽ യുജിസി. ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികളിൽ ഒരാൾ ഇത്തരത്തിൽ മൊഴി നൽകിയത്. സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോർട്ടിൽ ഇതേക്കുറിച്ചു പരാമർശമുണ്ട്. ഇതോടെ ഡീനും കുടുങ്ങും. ഈ കുട്ടി സിബിഐയ്ക്ക് മുമ്പിൽ മൊഴി നൽകിയാൽ ഡീനും പ്രതിയാകും. ഡീനിന്റെ പ്രസംഗ വീഡിയോയും പുറത്തു വന്നിരുന്നു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോൾ കോളജ് അധികാരികളിൽ ചിലർ അരികിൽ ഉണ്ടായിരുന്നതായി വിദ്യാർത്ഥികളിൽ ഒരാൾ സ്‌ക്വാഡിനു മൊഴി നൽകി. ഫെബ്രുവരി 26, 27, 28, മാർച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാഗിങ് സ്‌ക്വാഡ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്. കഴിഞ്ഞ മാസം 15നു വീട്ടിലേക്കു പുറപ്പെട്ട സിദ്ധാർഥൻ, പ്രതിപ്പട്ടികയിലുള്ള രെഹാൻ ബിനോയ് ഫോൺ ചെയ്തതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് പിറ്റേന്നു രാവിലെ എട്ടു മണിയോടെ കാമ്പസിൽ തിരിച്ചെത്തിയതുമുതൽ സംഭവിച്ചതിൽ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാർത്ഥികളിൽ ചിലർ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയത്.

18ന് ഉച്ചകഴിഞ്ഞ് സിദ്ധാർഥനെ മുറിയിൽ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത്റൂം തുറന്നില്ല. ഇതേത്തുടർന്നു ബാത്ത് റൂം വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടതെന്നാണ് വിദ്യാർത്ഥികളിൽ ഒരാളുടെ മൊഴി. സിദ്ധാർഥനു നേരിടേണ്ടിവന്നതുപോലുള്ള പീഡനം മുമ്പ് ഹോസ്റ്റലിൽ രണ്ടു പേർക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാൻ അധികൃതർ കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികളിൽ ചിലർ മൊഴി നൽകിയ വിവരവും ഇടക്കാല റിപ്പോർട്ടിലുണ്ട്. ഫെബ്രുവരി 18 നാണ് സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി കോളേജ് ഇന്ന് തുറക്കും. ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് കോളേജ് അടച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം ചേർന്നശേഷമാണ് വീണ്ടും തുറക്കുന്നത്. കോളേജിൽ കുട്ടികൾ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് കോളേജ് അധികൃതർ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ കൂടുതൽ സുരക്ഷ ഒരുക്കി. കൂടുതൽ അദ്ധ്യാപകർക്ക് ഹോസ്റ്റലിന്റെ ചുമതലയും നൽകി. കോളേജ് ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ്. ഹോസ്റ്റലിൽ സിസിടിവിയും സ്ഥാപിച്ചു. കോളേജ് തുറന്നാലും സിദ്ധാർത്ഥിനെതിരായ പരാതി നൽകിയ പെൺകുട്ടി വരാൻ സാധ്യത കുറവാണ്.

താലിബാൻ ശൈലിയിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് പറയുകയാണ് സിദ്ധാർത്ഥിന്റെ അമ്മ. ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലുള്ളത്. സഹപാഠികളിൽ നിന്നാണ് എല്ലാം മനസ്സിലാക്കിയത്. സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം ഇറക്കി. ഇതോടെ അതിവേഗം സിബിഐ അന്വേഷണം തുടങ്ങും.

ഫെബ്രുവരി 16 മുതൽ 18 വരെ മൂന്നുദിവസം എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന ക്രൂരമായ ആൾക്കൂട്ടവിചാരണയാണ് 20 വയസ്സുള്ള തന്റെ മകന്റെ മരണത്തിനു കാരണമായതെന്ന് അമ്മ പറയുന്നു. ഉത്തരേന്ത്യൻ വിദ്യാർത്ഥികളാണ് തന്റെ മകൻ നേരിട്ട ക്രൂരവിചാരണ ആദ്യം പുറത്തുപറഞ്ഞത്. ഹോസ്റ്റലിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ നഗ്നനാക്കിനിർത്തി ബെൽറ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കുകയായിരുന്നു. ആന്തരിക മുറിവുകളുണ്ടായി ചികിത്സകിട്ടാതെയാണ് സിദ്ധാർഥൻ മരിച്ചത്. ഇതുകൊലപാതകമാണെന്ന് കുടുംബം പറയുന്നു.