തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം അട്ടിമറിക്കാൻ സെക്രട്ടറിയേറ്റിൽ നടന്നത് വമ്പൻ ഗൂഢാലോചന. ഇതിന് പിന്നിൽ പൊലീസിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് സൂചന. സിബിഐ അന്വേണഷം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം ആണെന്നതാണ് യാഥാർത്ഥ്യം.

സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവിൽ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ.പ്രശാന്ത, സെക്ഷൻ ഓഫിസർ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എൽ.അഞ്ജു എന്നിവർക്കാണു സസ്‌പെൻഷൻ. എന്നാൽ ഇതിന് മുകളിൽ പല ഉന്നതർക്കും ഇതിൽ പങ്കുണ്ട്. അവരെ രക്ഷിക്കാനാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാരെ പുറത്താക്കിയതെന്ന വാദവും സജീവമാണ്.

സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സർക്കാർ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേൽ മന്ത്രാലയത്തിനായിരുന്നു. എന്നാൽ, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. കേന്ദ്ര മന്ത്രലായമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ഇതുവരെ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കത്ത് പേഴ്‌സണൽ മന്ത്രാലയത്തിനേ അയയ്ക്കാറുള്ളൂ.

കൊച്ചിയിലേക്ക് അയച്ച കത്തിൽ നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോർട്ട് നൽകിയില്ല. എഫ്‌ഐആറിന്റെ ഇംഗ്ലിഷ് പകർപ്പ്, അന്വേഷണ നാൾവഴി, മൊഴികൾ, മഹസർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ എന്നിവയടക്കം 8 വിവരങ്ങൾ അടങ്ങിയതാണു പ്രൊഫോമ. ഇതെല്ലാം സിബിഐയ്ക്ക് കൈമാറണമെന്ന് സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ടവർക്കെല്ലാം അറിയാം. സാധാരണ ഇതെല്ലാം ചെയ്യുന്നതുമാണ്. എന്നിട്ടും സിദ്ധാർത്ഥന്റെ കാര്യം വന്നപ്പോൾ തെറ്റി. ഇതിന് പിന്നിൽ 'ഇടുക്കി ഗോൾഡിന്റെ' ഇടപെടലാണെന്ന വാദം ശക്തമാണ്.

വീഴ്ച പുറത്തുവന്നു വിവാദമായതോടെ, ഇന്നലെ വൈകിട്ട് രേഖകൾ ഇമെയിൽ വഴി സിബിഐയക്കു കൈമാറി. രാത്രി, പൊലീസിന്റെ പ്രത്യേക സെൽ ഡിവൈഎസ്‌പി എസ്.ശ്രീകാന്ത് മുദ്രവച്ച കവറിൽ രേഖകളുമായി ഡൽഹിക്കു പോവുകയും ചെയ്തു. ഇനി എല്ലാം പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറും. അപ്പോഴും കുറച്ച് കാലതാമസം ഇനിയും വരും. പേഴ്‌സണൽ മന്ത്രാലയവും സിബിഐയും എടുക്കേണ്ട പ്രാഥമിക നടപടികൾ കാരണമാണ് ഇത്.

വിജ്ഞാപനം വന്നു 17ാം ദിവസമാണു നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. സിബിഐ അന്വേഷണം വൈകിപ്പിക്കുന്നുവെന്നു സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു ശേഷം മാത്രം. അന്വേഷണം വൈകുന്നതു തെളിവു നശിപ്പിക്കലിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു. കേസ് അന്വേഷിക്കണോ എന്നു സിബിഐ ഡയറക്ടറാണ് തീരുമാനിക്കേണ്ടത്. അതിനു മുൻപു ബന്ധപ്പെട്ട യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന മേധാവി വഴി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പ

ത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഈ കേസിൽ സിബിഐ പ്രാഥമിക വിവരശേഖരണം നടത്തിക്കഴിഞ്ഞു. അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ അധികം വൈകാതെ നേരറിയാൻ സിബിഐ എത്തും.