തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഇതിനുള്ള ഉത്തരവ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ഇറക്കി. സിബിഐ അന്വേഷണം ഉടൻ തുടങ്ങും. സിദ്ധാർത്ഥന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വസ്തുത അംഗീകരിച്ചാണ് സിബിഐയുടെ നീക്കം. മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്.

സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസ് എറ്റെടുക്കണമെന്ന നിർദ്ദേശം ഹൈക്കോടതിയും നൽകി. ഇതിന് പിന്നാലെ അതിവേഗ വിജ്ഞാപനം സിബിഐ ഇറക്കുകയും ചെയ്തു. ഒരച്ഛന്റെ പോരാട്ടമാണ് വിജയിക്കുന്നത്. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ അദ്ധ്യാപക സഹായവും കിട്ടിയെന്ന് ആരോപണമുണ്ട്. അതുകൊണ്ട് തന്നെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ് ഈ സിബിഐ അന്വേഷണം. സമഗ്രാന്വേഷണം ഈ വിഷയത്തിൽ സിബിഐ നടത്തും.

മരണ കാരണം അടക്കം കണ്ടെത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. ആത്മഹത്യാണെങ്കിൽ അതിന് കാരണം. ഇതിനൊപ്പം കൊലപാതകമാണോ എന്നും പരിശോധിക്കാനാണ് കേന്ദ്ര ഉത്തരവ്. എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ സിബിഐ സംഘം നേരത്തെ തന്നെ കേരളത്തിൽ എത്തിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്‌പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കും.

കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത് സിബിഐ അംഗീകരിച്ചാണ് വിജ്ഞാപനം വരുന്നത്. ആദ്യം സിദ്ധാർത്ഥന്റെ അച്ഛന്റെ മൊഴി എടുക്കും. ഇതിനൊപ്പം ബന്ധപ്പെട്ട ഏല്ലാവരേയും ചോദ്യം ചെയ്യും.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് പുറത്ത വന്നിരുന്നു.. മരണത്തിന് മുൻപ് കോളേജിൽ വെച്ച് സിദ്ധാർത്ഥൻ അനുഭവിച്ച ക്രൂരപീഡനങ്ങളുടെ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. സിദ്ധാർത്ഥൻ കോളേജിൽ ഭീകരമായ മർദ്ദനം നേരിട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിദ്യാർത്ഥികളുടെ മുൻപിൽ പരസ്യ വിചാരണ നേരിടേണ്ടി വന്നു. നഗ്നനായി നടത്തി. ഫെബ്രുവരി പതിനാറിന് രാത്രി ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽനിന്ന് വലിയ ശബ്ദവും നിലവിളികളും മറ്റു കുട്ടികൾ കേട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖ്യപ്രതി സിൻജോ ജോൺസൺ കോളേജിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ഹോസ്റ്റലിൽ നടന്ന പീഡന വിവരങ്ങൾ പുറത്തറിയിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അന്ന് ഹോസ്റ്റിലിലുള്ള എല്ലാ കുട്ടികളുടേയും മൊഴി എടുക്കും. സിദ്ധാർത്ഥന്റെ അച്ഛൻ സംശയ നിഴലിൽ നിർത്തുന്ന രണ്ടു പെൺകുട്ടികളുടേയും അക്ഷയ് എന്ന പയ്യന്റേയും പങ്കും പരിശോധിക്കും.