ചണ്ഡീഗഢ്: പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. ശനിയാഴ്‌ച്ച രാത്രി പഞ്ചാബിലെ മാൻസ ജില്ലയിൽവച്ചാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്തു. മാൻസ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ദീപകിനെ ഗോയിന്ദ്ബാൽ സാഹിബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ടിനു രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാനായി ഊർജിതമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സിദ്ധുവിന്റെ കൊലപാതക കേസിൽ പങ്കുള്ള മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ ലോറൻസ് ബിഷ്ണോയിയുടെ വലംകൈയാണ് രക്ഷപ്പെട്ട ദീപക് ടിനു.

മെയ് 29നാണ് ഗായകൻ സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കൾക്കൊപ്പം ജീപ്പിൽ വീട്ടിലേക്ക് വരികയായിരുന്ന സിദ്ധുവിന് നേരെ ഒരുസംഘം വെടിയുതിർക്കുകയായിരുന്നു. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഗോൾഡി ബ്രാർ രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നിൽ 24 പ്രതികളുണ്ടെന്നാണ് പൊലീസ് ചാർജ്ഷീറ്റിൽ പറയുന്നത്.

ദീപക് ടിനു രക്ഷപെട്ടത് ബോളിവുഡ് താരം സൽമാൻഖാനും ഭീഷണി ഉയർത്തുന്നതാണ്. നേരത്തെ സൽമാൻ ഖാനെ വകവരുത്താൻ ഷൂട്ടറെ അയച്ചിരുന്നുവെന്ന് ലോറൻസ് ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പൊലീസ് റെക്കോഡുകൾ അടക്കം പുറത്തുവന്നിരുന്നു. ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്റയോട് സൽമാനെ വകവരുത്തണമെന്ന് ബിഷ്ണോയി ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റൾ മാത്രമേ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ.

അതിനാൽ ദൂരെ നിന്ന് സൽമാനെ വെടിവെയ്ക്കാൻ സാധിച്ചില്ല. തുടർന്ന് ഇയാൾ ദിനേഷ് ഫൗജി എന്നൊരോളോട് ആർകെ സ്പിങ് റൈഫിൾ എത്തിച്ചു നൽകാൻ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി അനിൽ പാണ്ഡെ എന്നൊരാളുടെ പക്കൽ കൊടുക്കുകയും ചെയ്തു. എന്നാൽ പൊലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ നടന്നില്ല. 2011-ൽ റെഡി എന്ന സിനിമയുടെ സെറ്റിൽവച്ചു സൽമാൻ ഖാനെ അപായപ്പെടുത്താൻ ഇവർ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാൽ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ആ ശ്രമവും പരാജയപ്പെട്ടു.

1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ബിഷ്ണോയി നടനെ വകവരുത്താൻ ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്.

സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ കഴിഞ്ഞ ദിവസമാണ് വധഭീഷണി വന്നത്. കത്തു വഴിയാണ് ഭീഷണി ലഭിച്ചത്. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ പതിവായി നടക്കാൻ പോകാറുണ്ട്. അവർ സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്. പഞ്ചാബി ഗായകൻ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നത്. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ് ബിഷ്ണോയിയിപ്പോൾ. വധഭീഷണിയുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയിൽനിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായും പൊലീസ് പറഞ്ഞു.