എറണാകുളം: സിംനയെ ഷാഹുൽ അലി കൊന്നത് മകളുടെ മുന്നിലിട്ട് അതിക്രൂരമായി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്തുകൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽ ഷാഹുൽ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നിനാണ് കൊലപാതകം. ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാർക്ക് ഉച്ചഭക്ഷണം നൽകാൻ മകൾക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയിൽ എത്തിയത്. ഇത് മനസ്സിലാക്കിയാണ് ഷാഹുൽ അലി കൊല ആസൂത്രണം ചെയ്തത്. സിംനയുടെ ഭർത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീർ ഇപ്പോൾ നാട്ടിലുണ്ട്. അയൽവാസിയായിരുന്ന ഷാഹുലുമായി സിംനയ്ക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇടയ്ക്ക് ബന്ധത്തിൽ വിള്ളലുണ്ടായി. ഇതാണ് പ്രതികാരമായത്. സൗഹൃദങ്ങൾ തെറ്റുമ്പോൾ ക്രൂര കൊലപാതകമെന്ന മാനസികാവസ്ഥ കേരളത്തിൽ പലർക്കും ഉണ്ടാകുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മൂവാറ്റുപുഴയിലും വില്ലനായത് ഈ പ്രതികാരപ്പകയാണ്.

പിതാവിന് ഭക്ഷണം കൊടുക്കാൻ എത്തിയതാണ് സിംന. പതിനൊന്നാം വാർഡിൽ പിതാവിനു ഭക്ഷണം നൽകിയ ശേഷം മകൾക്കൊപ്പം പ്രസവ വാർഡിനു മുന്നിൽ എത്തിയപ്പോൾ പൊടുന്നനെ ഷാഹുൽ ഇവർക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. സിംനയെ പിടിച്ചുനിർത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. ക്രൂരമായിട്ടായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന മകൾ ആകെ പകച്ചു പോയി. ആർക്കും ഒന്നും ചെയ്യാനായില്ല.

പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുൽ ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടൻ ഷർട്ടിൽ ഉൾപ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരു കൈകൾക്കും മുറിവേറ്റ ഷാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണെന്നു ഡിവൈഎസ്‌പി എ.ജെ.തോമസ് പറഞ്ഞു.

സിംന ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ എത്തി ഷാഹുൽ ബഹളമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഷാഹുലിന് എതിരെ പൊലീസിനു പരാതി നൽകാൻ സിംന തയ്യാറെടുത്തിരുന്നു. ഇയാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും കോൾ എടുക്കാതിരുന്നതാകാം പെട്ടെന്നുള്ള ആക്രമണത്തിനു കാരണമെന്നാണു പൊലീസിനു ലഭിച്ച വിവരം.

ഷാഹുലിനെതിരെ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നുവെന്ന് സിംനയുടെ സഹോദരൻ ഹാരിസ് പറഞ്ഞു. സിംനയെ ഷാഹുൽ മുൻപും ശല്യപ്പെടുത്തിയിരുന്നു. വീടിനു നേരെ ഇയാൾ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. സിംനയുടെ ഭർത്താവ് ഷക്കീർ വിദേശത്തായിരിക്കെ അയൽവാസിയായിരുന്ന ഷാഹുലായിരുന്നു ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നത്. ഇതിനിടയിൽ ഇയാൾ പലവട്ടം സിംനയുടെ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയിട്ടുള്ളതായി കുടുംബാംഗങ്ങൾ പറയുന്നു. സമീപത്തെ കടയിൽനിന്നു കത്തി വാങ്ങിയാണ് ഇയാൾ ആശുപത്രിയിലേക്കു വന്നത്.

പ്രതിയുടെ വീടിനു സമീപത്തായിരുന്നു സിംന ആദ്യം താമസിച്ചിരുന്നത്. അടുത്തിടെയാണ് നിരപ്പ് ഭാഗത്തേക്കു താമസം മാറിയത്. പെരുമറ്റം ഡെന്റൽ കോളജിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് സിംന. സാഹിർ (17), സഹാന (16), സഫ്വാന (10) എന്നിവർ മക്കളാണ്. സിംന സ്വന്തം നാടായ പുന്നമറ്റത്തു താമസിച്ചിരുന്ന ഘട്ടത്തിൽ ഷാഹുൽ പലപ്പോഴും വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീടിനു നേരേ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.