കൊല്ലം: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് സൂചന. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കെ.സി.ടി ജംഗ്ഷന് സമീപം പനമൂട്ടിൽ അശോകന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന ആനന്ദിനെ(22)യാണ് ചക്കുവള്ളി ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതം മടുത്തു എന്ന് സഹോദരിയുടെ ഫോണിലേക്ക് ശബ്ദ സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ മുതലാണ് ആനന്ദിനെ കാണാതായത്. ഞായറാഴ്ച രാത്രിയിൽ മാതാവ് മണിയെ ഫോണിൽ വിളിച്ച് ഞാൻ പോവുകയാണ്, ഇനി ജീവിക്കുന്നില്ലാ എന്ന് പറഞ്ഞിരുന്നു. മാതാവ് അനുനയത്തിൽ കാര്യങ്ങൾ ചോദിച്ചപ്പോൾ മുൻ സ്ത്രീ സുഹൃത്ത് തന്നെ ചതിച്ചു എന്നും ജീവിക്കാൻ താൽപര്യമില്ലാ എന്നു പറഞ്ഞു. ഫോണിൽ കൂടി സമാധാനിപ്പിച്ച അമ്മ ആനന്ദ് എവിടെയാണ് എന്ന് ചോദിച്ചപ്പോൾ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിലുണ്ട് എന്ന് പറഞ്ഞു.

ഇതോടെ മാതാപിതാക്കൾ ആനന്ദിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പിന്നീട് അർദ്ധരാത്രിയിൽ പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ ആനന്ദിനെ പിന്നീട് കാണാതാവുകയായിരുന്നു. മുൻ സുഹൃത്തായ പെൺകുട്ടി തലേ ദിവസം ഫോണിൽ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ആനന്ദ് മാനസികമായി ഏറെ വിഷമിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.

ഇതിനിടയിൽ ആനന്ദിനെ കാണാതായ ശേഷം സ്ത്രീ സുഹൃത്ത് ഫോണിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കൾ പറയുന്നു. ഇത് സംബന്ധിച്ച് ശൂരനാട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ചക്കുവള്ളി ചിറയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി.