ന്യൂഡൽഹി: ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയ ബ്രഹ്‌മോസിന്റെ ( എയ്‌റോസ്‌പേസ് ലിമിറ്റഡ്) മുൻ എഞ്ചിനീയർക്ക് ജീവപര്യന്തം തടവ്. നാഗ്പൂർ ജില്ലാ കോടതിയാണ് നിഷാന്ത് അഗർവാളിന് ശിക്ഷ വിധിച്ചത്. 14 വർഷത്തേക്ക് കഠിന തടവും, 3000 രൂപ പിഴയും ശിക്ഷയിൽ ഉൾപ്പെടുന്നു.

പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

ക്രിമിനൽ നടപടിക്രമത്തിന്റെ 235 ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണ് അഗർവാളെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം വി ദേശ്പാണ്ഡെ കണ്ടെത്തി. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഐടി നിയമത്തിലെ സെക്ഷൻ 66( എഫ്) പ്രകാരവുമാണ് കുറ്റങ്ങൾ ചുമത്തിയത്.

നാഗ്പൂരിലെ ബ്രഹ്‌മോസിലെ എയ്‌റോസ്‌പേസ് മിസൈൽ സെന്ററിലെ സാങ്കേതിക ഗവേഷണ വിഭാഗത്തിലാണ് നിഷാന്ത് അഗർവാൾ ജോലി ചെയ്തിരുന്നത്. 2018 ൽ സൈനിക ഇന്റലിജൻസിന്റെയും. ഉത്തർപ്രദേശിലെയും, മഹാരാഷ്ട്രയിലെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളുടെയും സംയുക്ത നീക്കത്തിലാണ് അഗർവാളിനെ അറസ്റ്റ് ചെയ്തത്.

നിർണായകമായ സാങ്കേതിക വിവരം പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന് ഇയാൾ ബ്ര്ഹമോസിൽ ജോലി ചെയ്തിരുന്ന നാലുവർഷം കൊണ്ട് ചോർത്തി കൊടുത്തു. ഡിആർഡിഒയുടെയും റഷ്യയുടെ സൈനിക ഇൻഡസ്ട്രിയൽ കൺസോർഷ്യത്തിന്റെയും സംയുക്ത സംരംഭമാണ് ബ്രസഹ്‌മോസ് എയ്‌റോസ്‌പേസ്.

കഴിഞ്ഞ ഏപ്രിലിൽ അഗർവാളിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ജാമ്യം അനുവദിച്ചിരുന്നു.