ന്യൂഡൽഹി: ഡൽഹിയെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിലെ പൊലീസ് അന്വേഷണം തുടരുന്നു. കാമുകി ശ്രദ്ധ വാൽക്കറിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫ്താബ് മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയിരിരിക്കുന്ന വിവരം. ഡേറ്റിങ് ആപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായ അഫ്താബ് മറ്റു സ്ത്രീകളെയും തേടി കണ്ടെത്തുകയായിരുന്നു.

ശ്രദ്ധയുടെ മരണത്തിന് ശേഷം മറ്റൊരു യുവതിയെയും അഫ്താബ് കൊണ്ടുവന്നിരുന്നു. വീട്ടിലേക്കു കൊണ്ടുവന്ന യുവതി ഒരു ഡോക്ടർ ആണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശ്രദ്ധയെ പരിചയപ്പെട്ട ഡേറ്റിങ് ആപ്പായ ബംബിൾ വഴിയാണ് മനഃശാസ്ത്രജ്ഞയായ പെൺകുട്ടിയെയും അഫ്താബ് പരിചയപ്പെട്ടത്. കേസിന്റെ ഭാഗമായി വനിതാ ഡോക്ടറെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ നിന്നും മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ഡേറ്റിങ് ആപ്പ് വഴി നിരവധി സ്ത്രീകളെ അഫ്താബ് പരിചയപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം തെളിവുകൾ കിട്ടാത്തതിനാൽ പൊലീസ് കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞദിവസം അഫ്താബിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി. മൂന്നാം തവണയാണ് പ്രതിയെ രോഹിണിയിലുള്ള ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുവരുന്നത്. അഫ്താബ് പറഞ്ഞ കാര്യങ്ങളിൽ വ്യക്ത വരുത്താനാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണം, ശ്രദ്ധയുമായുള്ള ബന്ധം, ശരീരഭാഗങ്ങൾ വലിച്ചെറിഞ്ഞ സ്ഥലം, ഉപയോഗിച്ച ആയുധം എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അഫ്താബിനോട് ചോദിച്ചത്. അഫ്താബിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തുക എന്നതാണ് ഉദ്ദേശ്യമെന്നും രണ്ട് ദിവസത്തിനകം ഫലം അന്വേഷണസംഘത്തിനു കൈമാറുമെന്നും ഫൊറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച അംബേദ്കർ ഹോസ്പിറ്റലിൽ വെച്ച് അഫ്താബിനെ നർക്കോ അനാലിസ് പരിശോധന നടത്തും.

യുവതിയെ അപ്പാർട്‌മെന്റിലേക്കു കൊണ്ടുവന്നപ്പോഴൊക്കെ ശ്രദ്ധയുടെ 35 കഷണമാക്കിയ മൃതദേഹഭാഗങ്ങൾ ഫ്രിജിൽനിന്ന് കബോർഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങിയിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്‌നറുകളും ഉപയോഗിച്ചു.

മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കാൻ അഫ്താബ് പൂനാവാല ഉപയോഗിച്ച അഞ്ച് കത്തികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. സൾഫർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ ഇല്ലാതാക്കിയത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം ഇടക്കിടെ എടുത്തുനോക്കുമായിരുന്നുവെന്നും പൊലീസിനോട് പ്രതി പറഞ്ഞതായാണ് വിവരം. ശ്രദ്ധയും അഫ്താബും മുംബൈയിൽ ആരംഭിച്ച പ്രണയം മെയ് മാസത്തിൽ ഡൽഹിയിൽ നടന്ന ദാരുണമായ കൊലപാതകത്തിൽ അവസാനിക്കുന്നതിന് മുമ്പ് ഇവർ മൂന്ന് വർഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയും മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. ശ്രദ്ധയെ കൊലപ്പെടുത്തി, 1520 ദിവസങ്ങൾക്കുശേഷമാണ് ഡോക്ടറെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്.