- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളയത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം; 'രാഷ്ട്രീയ സംഘർഷമല്ല', ബോംബിന്റെ തീവ്രത പരിശോധിക്കാനുള്ള പരീക്ഷണമെന്ന് പൊലീസ്; ഒരു മാസത്തിനിടെ ഇത് മൂന്നാം സ്ംഭവം
കോഴിക്കോട്: വളയത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഒ പി മുക്കിൽ സ്‌ഫോടനം നടന്നത്. രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പൊലീസ് വിശദീകരണം. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് വളയം ഭാഗത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം നടക്കുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് നടന്ന പൊട്ടിത്തെറിയിൽ കുഴി രൂപപ്പെട്ടു.
സ്റ്റീൽ ബോംബ് തന്നെയാണ് പൊട്ടിയതെന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വളയം പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബോംബിന്റെ തീവ്രത പരിശോധിക്കാനുള്ള പരീക്ഷണമാണെന്നും രാഷ്ട്രീയ സംഘർഷങ്ങളുടെ തുടച്ചയായി കാണുന്നില്ലെന്നും പൊലീസ് അറിയിച്ചു. രാത്രികാലങ്ങളിൽ പ്രദേശത്ത് സ്‌ഫോടനങ്ങളുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
പ്രദേശത്ത് മൂന്നാഴ്ച മുമ്പ് ഒരു വിവാഹ സംഘം കടന്നുപോയതിന് തൊട്ടുപുറകേ ചിലർ ബോംബെറിഞ്ഞിരുന്നു. ഇതിന് പിന്നിലാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്ന് പൊട്ടിത്തെറി നടന്ന പറമ്പിനോട് ചേർന്നാണ് വീണ്ടും സ്‌ഫോടനമുണ്ടായത്. രണ്ട് സംഭവങ്ങളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, നൊച്ചാട് സിപിഎം പ്രവർത്തകന്റെ വീടിനുനേരെ ഒരുസംഘം ആക്രമണം നടത്തി. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു. വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. രണ്ട് സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ