- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
പത്തനംതിട്ട: മിക്സചർ വാങ്ങാൻ പതിനേഴുകാരനെയും കൂട്ടി പോകുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ഗുരുതര പരുക്കേറ്റ് റോഡിൽ വീണു കിടന്ന സഹയാത്രികനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
അപകടത്തിൽ പരുക്കേറ്റ പതിനേഴുകാരൻ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാല പ്ലാംകൂട്ടത്തതിൽ മുരുപ്പേൽ രാജേഷ്-സുമ ദമ്പതികളുൃടെ മകൻ സുധീഷ് ആണ് മരിച്ചത്. പത്തനംതിട്ട കുലശേഖരപതി ബീവാത്തുമ്മ പുരയിടത്തിൽ സഹദിനെ(23)യാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒമ്പതേകാലോടെയാണ് സംഭവം. സുധീഷ് അനശ്വര സൗണ്ട്സിൽ ജോലി ചെയ്യുകയാണ്. രാത്രി സുധീഷിന്റെ വീട്ടിൽ എത്തിയതാണ് സഹദ്. മിക്സ്ചർ വാങ്ങി വരാമെന്ന് പറഞ്ഞ് സുധീഷിനെയം കൂട്ടി സഹദ് ഇയാൾ വന്ന ബൈക്കിൽ കോഴഞ്ചേരിയിലേക്ക് പോകുമ്പോൾ തുണ്ടഴം ജങ്ഷനിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്ന് റോഡിലേക്ക് തലയിടിച്ച് തെറിച്ചു വീണ സുധീഷിന് ഗുരുതരമായി പരുക്കേറ്റു.
ഈ സമയം സഹദ് മറിഞ്ഞു കിടന്ന ബൈക്കുമെടുത്ത് വന്ന വഴിയേ തള്ളിക്കൊണ്ടു തിരിച്ചു പോകാൻ ശ്രമിച്ചു. വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ ഓടിക്കൂടി തടഞ്ഞു വയ്ക്കുകയും ആറന്മുള പൊലീസിന് കൈമാറുകയുമായിരുന്നു. 108 ആംബുലൻസ് വിളിച്ച് സുധീഷിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ മീൻ കച്ചവടം നടത്തുന്ന സഹദ് ലഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലുള്ളയാളാണ്. മറ്റ് ലഹരി വിൽപ്പനക്കാരെപ്പറ്റിയുള്ള വിവരങ്ങൾ ഇയാൾ പൊലീസിന് നൽകിയിട്ടുണ്ട്. അപകടം നടന്ന സമയം ഇതിലൊരു ലഹരി വിൽപ്പനക്കാരൻ സംഭവ സ്ഥലത്ത് ചെന്നെങ്കിലും തനിക്ക് പരിചയമില്ലാത്ത മട്ടിൽ കടന്നു കളഞ്ഞു. മൃതദേഹം കോഴഞ്ചേരി ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.