- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സുജിത്തിനെതിരേ കേസ് എടുത്തിട്ടും അന്വേഷണം മന്ദഗതിയിൽ
വൈക്കം: റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജരേഖ ചമച്ചതിന് പുറമെ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയ ചേർത്തല വാരനാട് ലിസ്യു നഗർ തറയിൽ സുജിത്തിനെതിരെ റിസർവ് ബാങ്ക് നല്കിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസിന് അലംഭാവം. സുജിത്തിന്റെ വൈക്കത്തെ ഒളിയിടം സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും അറസ്റ്റ് വൈകിപ്പിച്ച് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതായാണ് ആക്ഷേപം.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്താണ് സുജിത്ത് പലരിൽ നിന്നും പണം തട്ടിയത്. പ്രമുഖ ട്രേഡിങ് കമ്പനികളുടെ വെബ്സൈറ്റുകൾ നിർമ്മിച്ച് അതിലെ വാലറ്റിൽ തനിക്ക് കോടികൾ നിക്ഷേപമുണ്ടെന്ന് കാണിച്ചായിരുന്നു ഇരകളെ വീഴ്ത്തിയിരുന്നത്. പണം പിരിക്കാനായി ഇയാൾ ഇടനിലക്കാരെയും നിയോഗിച്ചിരുന്നു.ഒരു ലക്ഷം രൂപയ്ക്ക് ഇരുപത്തി അയ്യായിരം രൂപയായിരുന്നു കമ്മിഷനായി നൽകിയിരുന്നത്. വിവിധ ജില്ലകളിൽ നിന്നായി കോടികൾ ഇത്തരത്തിൽ പിരിച്ചെടുത്തതായാണ് വിവരം.
ആദ്യം ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് കൃത്യമായി ലാഭ വിഹിതം നല്കി വിശ്വാസം നേടിയ ശേഷം കൂടുതൽ തുക തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി. എന്നാൽ വാഗ്ദാനം ചെയ്ത ലാഭ വിഹിതം ലഭിക്കാതെ വരുന്നതോടെ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുമ്പോൾ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നിരത്തി ഇരകളെ മടക്കും.
സുജിത്തിന്റെയും കൂട്ടാളികളുടെയും ഇടപെടലിൽ സംശയം തോന്നിയ ചിലർ കഴിഞ്ഞ നവംബറിൽ ഇയാൾ താമസിച്ചിരുന്ന വൈക്കത്തെ ഹോട്ടലിൽ എത്തി പണം ആവശപ്പെട്ട് ബഹളം വച്ചിരുന്നു. വിഷയം രൂക്ഷമാകുമെന്ന് കണ്ടതോടെ ഡിസംബർ ആദ്യവാരം പണം നല്കാമെന്ന് സുജിത്തും ഇയാളുടെ സഹായിയായ വൈക്കത്തുകാരനും ഇടപാടുകാർക്ക് ഉറപ്പ് നല്കി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം ഇയാളുടെ സംഘത്തിൽപ്പെട്ട ചിലർ തട്ടിപ്പിന് ഇരയായവർക്ക് വാട്സാപ്പിലൂടെ സന്ദേശം അയച്ച് വീണ്ടും പണം ആവശ്യപ്പെട്ടു.
ഇതോടെ സുജിത്തിനെ ബന്ധപ്പെട്ടപ്പോൾ പണം ലഭിക്കാൻ കാലതാമസമുണ്ടെന്നും റിസർവ് ബാങ്ക് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മാത്രമെ പണം നല്കാൻ കഴിയുവെന്നും പറഞ്ഞു. ഇതിന് തെളിവായി റിസർവ് ബാങ്ക് ഗവർണറുടെതെന്ന് തോന്നിപ്പിക്കുന്ന ഉത്തരവും വാട്സപ്പിൽ അയച്ചു നല്കി.
എന്നാൽ സുജിത്ത് അയച്ചു നൽകിയ ഉത്തരവ് കണ്ട് സംശയം തോന്നിയവർ റിസർവ് ബാങ്കിൽ തിരക്കിയപ്പോഴാണ് വ്യാജനാണെന്ന് മനസിലായത്. തുടർന്ന് റിസർവ് ബാങ്ക് തിരുവനന്തപുരം റീജണൽ മാനേജർ ക്രൈംബ്രാഞ്ചിന് പരാതി നല്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുജിത്തിനെ പ്രതിയാക്കി ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.എന്നാൽ വൈക്കം കേന്ദ്രീകരിച്ചുള്ള ചില തട്ടിപ്പുകാരുടെ സഹായത്തോടെ മേഖലയിലെ ഹോട്ടലുകളിൽ ഇയാൾ മാറി മാറി താമസിച്ചു വരുന്നതായാണ് വിവരം.