പത്തനംതിട്ട: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകൾ കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പൊലീസ് പിടികൂടി. ഹരിപ്പാട് പിലാപ്പുഴ ചിറക്കൽ തെക്കേതിൽ സൂരജ് എസ് കുമാർ (24) ആണ് അറസ്റ്റിലായത്. അമ്മയുടെ ഫോണിൽ നിന്നുമാണ് പെൺകുട്ടി സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് കുട്ടിയുടെ നഗ്‌നചിത്രങ്ങൾ വാട്സാപ്പ് വഴിയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രതി വാങ്ങിയെടുത്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് സംഭവം.

തുടർന്ന് വിദേശത്തേക്കുപോയ പ്രതി അവിടെ നിന്നും ഭീഷണി മുഴക്കി വീണ്ടും ഇത്തരം ചിത്രങ്ങൾ വാങ്ങിയെടുത്തു. അത് കുട്ടിയുടെ ബന്ധുവിന് അയച്ചു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ 19 ന് പൊലീസിൽ കുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോട്ടോകൾ അയച്ചു കൊടുത്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് പൊലീസിന്റെ സഹായത്തോടെ അവിടെ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ ഫോണും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു.

കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി, പിന്നീട് തന്റെ ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോൾ ഭാവി നശിപ്പിക്കും എന്നും മറ്റും ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അവ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്നാണ് കടുത്ത സമ്മർദ്ദത്തിലായ കുട്ടിയും കുടുംബവും കോയിപ്രം പൊലീസിനെ സമീപിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മുഹ്സിൻ മുഹമ്മദ്, സി പി ഓമാരായ ആരോമൽ ,ശരത് ,സുരേഷ് , ശബാന എന്നിവർ പങ്കെടുത്തു.