- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഡലിങ്ങിന്റെ മറവിൽ രാസലഹരി കച്ചവടം നടത്തിയ യുവതിയും യുവാക്കളും പിടിയിൽ
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ ലോഡ്ജുകളിൽ താമസിച്ച് രാസലഹരി കച്ചവടം നടത്തി വരികയായിരുന്ന യുവതിയും യുവാക്കളും കൊച്ചിയിൽ പിടിയിൽ. വരാപ്പുഴ വേവുക്കാട്ടിൽ വീട്ടിൽ ആൽക്കാ ബോണി(22), തൃശൂർ സ്വദേശി അബിൽ ലൈജു(18), പാലക്കാട് സ്വദേശികളായ ആഷിഖ് അൻസാരി(22), എം.സി. സൂരജ്(26), രഞ്ജിത്(24), മുഹമ്മദ് അസർ(18) എന്നിവരാണു പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന അജിത്ത്, മിഥുൻ മാഥവ് എന്നിവർ പൊലീസ് എത്തുന്നതിന് തൊട്ടു മുൻപ് കടന്നു കളഞ്ഞു. രാസലഹരിയും കൊക്കെയ്നും കഞ്ചാവുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഇവരിൽനിന്നു പിടിച്ചെടുത്തു.
എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401-ാം നമ്പർ മുറിയിൽ താമസിച്ചായിരുന്നു ഇവരുടെ ലഹരിക്കച്ചവടം. കച്ചവടത്തിനൊപ്പം ലഹരി ഉപയോഗവും ഇവർക്കുണ്ട്, പൊലീസ് എത്തുമ്പോൾ യുവതിയുൾപ്പെടെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്നു. മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന ഒരു ഗ്രാം കൊക്കെയ്ൻ, ഒന്നര ഗ്രാം രാസലഹരി, 8 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഇവരുടെ മുറിയിൽ നിന്നും ലഹരിയുടെ വരവ് ചെലവുകൾ എഴുതി സൂക്ഷിച്ചിരുന്ന ബുക്കും പൊലീസ് കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് ട്യൂബും സിറിഞ്ചുകളും ഇവരുടെ കൈവശമുണ്ടായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണു ലോഡ്ജിൽ ഇവർ മുറിയെടുത്തത്. ഒരാഴ്ചയ്ക്കിടെ ഒട്ടേറെ പേർക്കു ലഹരിമരുന്നു വിറ്റതിനുള്ള തെളിവുകൾ പിടിച്ചെടുത്ത ബുക്കിലുണ്ട്. ബുധനാഴ്ച മാത്രം 8 പേർക്കു ലഹരിമരുന്നു വിറ്റ് 14000 രൂപ ഇവർ ഈടാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കൈമാറുന്നവരുടെയും ഇടനിലക്കാരുടെയും വിവരങ്ങൾ ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുൻപ് കടന്നു കളഞ്ഞ അജിത്ത്, മിഥുൻ മാധവ് എന്നിവരാണ് ലഹരിയിടപാടുകളുടെ ബുദ്ധികേന്ദ്രമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ.
മോഡലിങ്ങിനും മറ്റു ജോലികൾക്കുമായി കൊച്ചിയിലെത്തിയ ഇവർ കൂടുതൽ ലാഭം ലക്ഷ്യമിട്ടു ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. പിടിയിലായവരിൽ രഞ്ജിത്ത് 3 കൊലപാതകശ്രമ കേസിലെയും ഒരു പിടിച്ചുപറി കേസിലെയും പ്രതിയാണ്, സൂരജിന് വിവിധ സ്റ്റേഷനുകളിലായി 4 മോഷണ കേസുകളുണ്ട്. പ്രതികളുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്. എളമക്കര പൊലീസ് ഇൻസ്പെക്ടർ ജെ.എസ് സജീവ് കുമാർ, എസ്ഐ സി.മനോജ്, എസ്ഐ അസൈനാർ, എസ്ഐ ലാലു ജോസഫ്, എസ്ഐ പി.എസ്.അനിൽ, എഎസ്ഐ സെൻ, എഎസ്ഐ ബിജു, എഎസ്ഐ സിമി, സിപിഒ എസ്.രാജേഷ്, ഐ.എസ്. അനീഷ്, ഡബ്ല്യുസിപിഒ ബുഷ്ര എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.