- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുപ്പം മുതലാക്കി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കി; സാക്ഷിമൊഴികളും ടീച്ചറുടെ ഡയറിക്കുറിപ്പുകളും സൂചിപ്പിച്ചതും ഇതുതന്നെ; വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യയിൽ അദ്ധ്യാപകൻ അറസ്റ്റിൽ; കേസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി
മലപ്പുറം: വേങ്ങരയിൽ അദ്ധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അദ്ധ്യാപകനാണ്.
മരിച്ച അദ്ധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അദ്ധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അദ്ധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 17നാണ് 46 കാരിയായ ബൈജു ടീച്ചറെ കണ്ണമംഗലം എടക്കാപറമ്പിലുള്ള വീട്ടിലെ താഴത്തെ ബെഡ്‌റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ആത്മഹത്യ എന്ന് കണക്കാക്കിയ കേസാണ് പൊലീസ് അന്വേഷണത്തിന് ഒടുവിൽ ആത്മഹത്യ പ്രേരണാകുറ്റത്തിൽ എത്തിയത്. വേങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും, ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകളും മൊബൈൽ ഫോണും പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് നടപടി.
വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആർപിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വേങ്ങരയ്ക്കടുത്ത് കണ്ണമംഗലം എടക്കാപ്പറമ്പ് ശ്രീരാഗം വീട്ടിൽ താമസിച്ചിരുന്ന പേരാമ്പ്ര കുനിയിൽ ഹൗസിൽ ബേജു ടി എന്ന അദ്ധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
സാക്ഷിമൊഴികളുടെയും ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രാംദാസ് കാരണം ഉണ്ടായ മാനസിക സമ്മർദ്ദം കാരണം ആണ് ടീച്ചർ ജീവനൊടുക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ഇയാളെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ