ഭുവനേശ്വർ: ഒഡിഷയിൽ കഴിഞ്ഞാഴ്ച തൂങ്ങി മരിച്ച സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയുടെ കാമുകന് എതിരെ കേസ്. ഭദ്രക് സ്വദേശി ശ്വേത ഉത്കൽ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഭുവനേശ്വറിനടുത്ത് സൈലശ്രീ വിഹാർ ഭാഗത്ത്, ഫ്‌ളാറ്റിലാണ് 23കാരിയായ ശ്വേതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ജീവനൊടുക്കിയത്. ജോലി ഉപേക്ഷിച്ച് ഉന്നതപഠനത്തിനായി പോയ സൗമ്യജിത് ശ്വേതയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നു. ഇയാൾ യുവതിയെ ബ്ലക്‌മെയിൽ ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാൾ, സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്നാണ് ശ്വേത ജീവനൊടുക്കിയതെന്നും ഇവർ പറയുന്നു.

അസ്വാഭാവിക മരണത്തിനാണ് ചന്ദ്രശേഖരപൂർ പൊലീസ് കേസെടുത്തത്. യുവതിയുടെ അച്ഛന്റെ പരാതി പ്രകാരം കാമുകന് എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തു. കേസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ശ്വാസം മുട്ടിയാണ് മരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പരിക്കുകൾ ഒന്നുമില്ല.

ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ ഫ്ളാറ്റിൽ ഇല്ലാതിരുന്ന സമയത്താണ് യുവതി ജീവനൊടുക്കിയത്. ഫ്ളാറ്റിൽ നിന്ന് ശ്വേതയുടെ മൊബൈൽ ഫോണും ഡയറിയും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്. മാത്രമല്ല, ജീവനൊടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണിൽ വിളിച്ചതായും കണ്ടെത്തി. എന്നാൽ ഇത്രയും തവണ വിളിച്ചിട്ടും കാമുകൻ ഫോണെടുത്തില്ലെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 18-ാം തീയതി സൗമ്യജിത് ശ്വേതയെ നിർബന്ധിച്ച് പബ്ബിൽ കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവാഹം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്ന് ഇവിടെ വെച്ച് ശ്വേത കാമുകനോട് ആവശ്യപ്പെട്ടു. ഇതോടെ പബ്ബിൽവെച്ച് കമിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു്. തന്റെ ജീവിതത്തിൽനിന്ന് മാറിപ്പോകണമെന്നും പുതിയൊരു പെൺകുട്ടിയുമായി പ്രണയത്തിലാകാൻ തനിക്കൊരു മടിയും ഇല്ലെന്നുമാണ് യുവാവ് ശ്വേതയോട് പറഞ്ഞു. നേരത്തെ വിവാഹക്കാര്യം സംസാരിച്ചപ്പോൾ സൗമ്യജിത്തിന്റെ അമ്മ 30 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിക്കുന്നു.

ശ്വേതയും, സൗമ്യജിത്തും തമ്മിലുള്ള അവസാനത്തെ ഫോൺ കോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കോളിൽ, ശ്വേതയോട് കാമുകൻ വളരെ മോശം ഭാഷയിലാണ് സംസാരിക്കുന്നത്. യുവതി സൗമ്യജിത്തിന്റെ മാതാപിതാക്കളെ നേരത്തെ വിളിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും തമ്മിലുള്ള തർക്കമെന്നും സൂചനയുണ്ട്