അമരാവതി: ആന്ധ്രയെ നടുക്കി കൗമാരക്കാർ പ്രതികളായ ബലാത്സംഗ കേസ്. പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയത് പത്താം ക്ലാസുകാരനായിരുന്നു. ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലിൽ പകർത്തിയ നാലുപേരെ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ബലാത്സംഗ സംഭവം ശ്രദ്ധയിൽ പെട്ടത്. മെയ്‌ 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് വാങ്ങാൻ സ്‌കൂളിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും നാലു യുവാക്കളും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്‌കൂൾ അടച്ച സമയത്താണ് അതിക്രമം നടന്നത്.

ഇത് നാലു പുരുഷന്മാർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയില്ല. തുടർന്ന് പ്രതികൾ വാട്ട്‌സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയക്കുകയും ചെയ്തു. പത്താം ക്ലാസുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 19-22 വയസ് പ്രായമുള്ള മറ്റ് പ്രതികളെ അറസ്റ്റ് ചെയ്ത് ഏലൂർ കോടതിയിൽ ഹാജരാക്കി. പിന്നീട് നാലുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.