- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തെലങ്കാന മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവു ഒന്നാം പ്രതി
ഹൈദരാബാദ്: തെലങ്കാനയിലെ ഫോൺ ചോർത്തൽ കേസിൽ, മുൻ ഇന്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവു ഒന്നാം പ്രതി. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആർ എസ് സർക്കാർ അധികാരത്തിലിരിക്കെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ അനധികൃതമായി ചോർത്താൻ ടി പ്രഭാകർ റാവു ഉത്തരവിട്ടെന്നാണ് ആരോപണം. റാവും ഇപ്പോൾ അമേരിക്കയിലാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ റാവുവിന്റെ വസതി, തെലുഗു വാർത്താ ചാനൽ ഐ ന്യൂസ് ഉടമ ശ്രാവൺ റാവുവിന്റെ വസതി എന്നിവയടക്കം 12 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ശ്രാവൺ റാവുവും രാജ്യത്തിന് പുറത്തേക്ക് മുങ്ങി. ഇസ്രയേലിൽ നിന്ന് സംഘടിപ്പിച്ച ഫോൺ ടാപ്പിങ് സംവിധാനവും, സെർവറുകളും ഒരു പ്രാദേശിക സ്‌കൂളിന്റെ വളപ്പിൽ സ്ഥാപിക്കാൻ സഹായിച്ചത് ശ്രാവൺ റാവു ആണെന്നാണ് ആരോപണം.
സിറ്റി ടാസ്‌ക് ഫോഴ്‌സിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ രാധാ കിഷൺ റാവുവിന് എതിരെയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. നിരവിധി തെലങ്കാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കുന്നു. അഡീഷണൽ എസ്‌പിമാരായ ഭുജംഗ റാവു, തിരുപത്തണ്ണ, ഡപ്യൂട്ട് എസ്‌പി പ്രണീത് റാവു എന്നിവരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തികളെ നിരീക്ഷിച്ചതായും, തെളിവുനശിപ്പിച്ചതായും അറസ്റ്റിലായവർ സമ്മതിച്ചു
പ്രണീത് റാവുവിനെ ഈ മാസമാദ്യമാണ് അറസ്റ്റ് ചെയ്തത്. അജ്ഞാതരായ ആളുകളുടെ പ്രൊഫൈലുകൾ അനധികൃതമായി നിരീക്ഷിച്ചുവെന്നും, കപ്യൂട്ടറുകളിലും, ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലും ഉള്ള വിവരങ്ങൾ നശിപ്പിച്ചുവെന്നുമാണ് പ്രണീത് റാവുവിന് എതിരായ ആരോപണം. ഇന്റലിജൻസ് മേധാവി പ്രഭാകർ റാവുവിന്റെ നിർദ്ദേശപ്രകാരമാണ് തെളിവുകൾ നശിപ്പിച്ചത്. 2023 ലെ തിരഞ്ഞെടുപ്പിൽ ബി ആർ എസിനെ തറപറ്റിച്ച് കോൺഗ്രസ് ഭരണം പിടിച്ചതിന് പിന്നാലെയാണ് ഫോൺ ചോർത്തൽ വിവരങ്ങൾ നശിപ്പിക്കാൻ നിർദ്ദേശിച്ചത്.
ഇപ്പോഴത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺഗ്രസ്, ബിജെപി അംഗങ്ങൾ, ബിആർഎസിലെ അംഗങ്ങൾ എന്നിവരുടെ ഫോണുകളാണ് രഹസ്യമായി ചോർത്തിയത്. തെലുഗു നടന്മാർ, വ്യവസായികൾ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്ന് മാത്രമല്ല, ചിലരെ ബാക്ക്‌മെയിലും ചെയ്തു. ഏകദേശം ഒരുലക്ഷത്തോളം ഫോൺ കോളുകൾ ചോർത്തി.
ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പേർ പുറത്തുവരാനുണ്ടെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതികരിച്ചത്. 30 ഓളം പൊലീസുകാർ അന്വേഷണം നേരിടേണ്ടി വന്നേക്കും. ഒരു ബി ആർ എസ് നേതാവും പ്രതിയായേക്കുമെന്ന് സംസാരമുണ്ട്.