ന്യൂഡൽഹി: പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്തെ ഭീകരാക്രമണം അടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിങ് റിന്ദ (35) പാക്കിസ്ഥാനിൽ മരിച്ചതായി റിപ്പോർട്ട്. ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. എന്നാൽ മരണകാരണം വ്യക്തമല്ല.

നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബർ ഖൽസയിലെ അംഗമായിരുന്നു ഹർവിന്ദർ. പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാക്കിസ്ഥാനിലിരുന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച കേസിലുൾപ്പെടെ നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യൻ സർക്കാർ നോട്ടമിട്ടിരുന്നു. ഹർവിന്ദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2021 മേയിൽ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപൽഡ് ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് പിന്നിൽ ഹർവിന്ദർ ആണെന്നാണ് ഇന്ത്യൻ സർക്കാറിന്റെ നിഗമനം. ഹരിയാനയിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിലും ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി ഓഫിസിൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

പാക്കിസ്ഥാനിൽനിന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഇയാൾ. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാൾ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഞ്ചാബിൽ ജനിച്ച ഹർവിന്ദർ മഹാരാഷ്ട്രയിലേക്ക് കുടിയേറി. 2008 ലാണ് ഇയാൾ ആദ്യമായി കൊലപാതകക്കേസിൽ പ്രതിയാകുയി. പിന്നീട് ചണ്ഡിഗഡിൽ പട്ടാപ്പകൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും ഉൾപ്പെട്ടു.

പാക്കിസ്ഥാനിൽ നിന്നും പഞ്ചാബ് അതിർത്തി വഴി ലഹരിമരുന്ന് കടത്തുന്നതിനു പിന്നിലും മുപ്പത്തിയഞ്ചുകാരനായ ഹർവിന്ദർ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാബർ ഖൽസ ഇന്ത്യയുടെ സുരക്ഷയ്ക്ക് വൻ ഭീഷണി ഉയർത്തുവെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.