കണ്ണൂർ: തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞിനെ ചവിട്ടി തെറിപ്പിച്ച വ്യക്തിയെ നാട്ടുകാർ ഇടപെട്ട് പോപീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും പൊലീസ് കാണിച്ചത് അലംഭാവമാണ്. ശിഹ്ഷാദിനെതിരെ അറസ്റ്റു ചെയ്യാൻ നിൽക്കാതെ വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ഇക്കാര്യത്തിൽ പൊലീസ് ഇപ്പോഴും കൃത്യമായ മറുപടി നൽകുന്നില്ല. വ്യാഴാഴ്ച രാത്രി സംഭവം നടന്നപ്പോൾ യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടും കേസെടുക്കാൻ തയാറാകാതെ ഇയാളെ പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് സംഭവം വാർത്തയായതോടെ ഇന്ന് രാവിലെയാണ് ഇയാളെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തലശ്ശേരി എ.സി.പി നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്തുകൊണ്ട് യുവാവിനെ കേസെടുക്കാതെ രാത്രി വിട്ടയച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എ.സി.പി കൃത്യമായ ഉത്തരം നൽകിയില്ല. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം വിശദീകരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാറും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മർദനമേറ്റ കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിക്ക് ചികിത്സയും നിയമസഹായവും ഉൾപ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷനും വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മണവാട്ടി ജങ്ഷന് അടുത്താണ് ക്രൂരസംഭവം അരങ്ങേറിയത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് തന്റെ കാറിൽ ചാരി നിന്ന ഗണേശ് എന്ന ആറു വയസ്സുകാരനെ ക്രൂരമായി മർദിച്ചത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകനാണ് ഗണേശ്. റോഡരികിൽ നിർത്തിയിട്ട് സമീപത്തെ ടെക്‌സ്‌റ്റൈൽസിൽ പോയി വന്നപ്പോൾ കാറിൽ ചാരി നിൽക്കുന്ന കുട്ടിയെ ആണ് യുവാവ് കണ്ടത്. ഇതോടെ ഇയാൾ ശക്തമായി കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തവരും എത്തി ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ചെയ്തത് ന്യായീകരിച്ച് കാറിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. നാട്ടുകാർ തന്നെ ഇടപെട്ടാണ് യുവാവിനെ സ്റ്റേഷനിൽ എത്തിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്.

പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ, പൊലീസ് ഇയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു. സമീപത്തെ പാരലൽ കോളേജിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.