മുംബൈ: കാമുകിയുടെ മകളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 38കാരനെ മുംബൈ വിരാറിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജു നായർ എന്നയാളാണ് അറസ്റ്റിലായത്. നവംബർ 12 നാണ് ഇയാൾ ചെന്നൈയിൽ താമസിക്കുന്ന കാമുകിയുടെ മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഒളിവിൽ പോയത്. നാട്ടുകാർ നൽകിയ സൂചനയിൽ നിന്നാണ് ക്രൂരതയ്ക്ക് പിന്നിലെ ആളെ കണ്ടെത്തിയത്

സംഭവം ഇങ്ങനെ.. 18 കാരിയായ പെൺകുട്ടി ജൂലൈയിലാണ് അമ്മക്കും കാമുകൻ രാജു നായർക്കും ഒപ്പം ചെന്നൈയിലെ പൂനമല്ലിയിലെ സെനീർകുപ്പം പ്രദേശത്ത് താമസിക്കാൻ എത്തിയത്. ഭർത്താവുമായി വേർപിരിഞ്ഞ അമ്മ കഴിഞ്ഞ നാല് വർഷമായി നായർക്കൊപ്പമാണ് താമസം. മകളെ നോക്കാമെന്ന് ഇയാൾ സമ്മതിച്ചതിനെ തുടർന്നാണ് ഇയാൾക്കൊപ്പം താമസം തുടങ്ങിയത്.

നവംബർ 12ന് അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോൾ മകൾ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടു. കുട്ടിയുടെ കമ്മലും പാദസരവും 25,000 രൂപയും ഫോണും നഷ്ടപ്പെട്ടിരുന്നു. കാമുകനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. രാജു നായർ തിടുക്കത്തിൽ പോകുന്നത് കണ്ടതായി അയൽക്കാർ ഇവരോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഡോക്ടർമാർ കണ്ടെത്തി. ഏതാനും ആഴ്ചകൾക്ക് മുമ്പ് നായർ തന്റെ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ച് യുവതി പൊലീസിനോട് പറഞ്ഞു. ചെന്നൈയിൽ നിന്ന് മുങ്ങിയ രാജു നായർ പിന്നീട് വിരാറിലെ ഫൂൽപാഡയിൽ എത്തി അവിടെ അദ്ദേഹം ദിവസ വേതനക്കാരനായി ജോലി ചെയ്യാൻ തുടങ്ങി.

അതിനിടെ മോഷ്ടിച്ച ഫോണുകളിലൊന്ന് ഓണാക്കിയതോടെ ഇയാൾ കുടുങ്ങി. ഇയാൾക്ക് മുമ്പും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നായരെ കസ്റ്റഡിക്കായി വസായ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുമ്പോൾ താൻ മദ്യപിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. മൺവേൽപാടത്താണ് ഭാര്യ താമസിക്കുന്നത്. ഏഴു വർഷം മുൻപാണ് ഇയാൾ ജോലിക്കായി ചെന്നൈയിലേക്ക് പോയത്