- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂതക്കുളത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ പിടിയിൽ; അപകട സമയത്ത് വാഹനമോടിച്ചിരുന്നത് ഉടമ മോഹനന്റെ മകൻ ആഷിക്ക്; യുവാവും അറസ്റ്റിൽ; കാർ കസ്റ്റഡിയിലെടുത്തത് സിസിടിവി ദൃശ്യത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ
പരവൂർ : പൂതക്കുളം കോട്ടുവൻകോണം ക്ഷേത്രത്തിനു സമീപം കാർ കയറി രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിർത്താതെ പോയ കാർ പൊലീസ് കണ്ടെടുത്തു. കൂനംകുളം മേലതൽ വീട്ടിൽ മോഹനന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൊലീസ് കണ്ടെടുത്തത്. സംഭവ സമയം വാഹനം ഓടിച്ചിരുന്നത് മോഹനന്റെ മകൻ ആഷിക്ക് (32) ആണ്. ആശിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കൾ രാത്രി 12 ന് ആണ് കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിനു സമീപത്ത് വച്ച് അപകടം ഉണ്ടായത്. സംഭവ ശേഷം നിർത്താതെ പോയ കാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും അപകടം ഉണ്ടാക്കിയത് ചുവപ്പ് കാറാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടന്ന അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തുന്നത്.
ആശിക്കിനെ വിശദമായി ചോദ്യ ചെയ്തപ്പോൾ തെക്കുംഭാഗത്തുള്ള സുഹൃത്തിനെ കണ്ട് മടങ്ങി വരുമ്പോഴാണ് സംഭവം നടന്നത് എന്ന് പറഞ്ഞതായി പൊലീസ് പറയുന്നു. കാർ കണ്ടെത്തുന്നതിനായി പാരിപ്പള്ളി മുതൽ വർക്കല അയിരൂർ വരെയുള്ള ഏകദേശം എഴുപതോളം സിസിടിവി ക്യാമറകളാണ് പൊലീസ് രണ്ട് ദിവസം കൊണ്ട് പരിശോധിച്ചത്. സംഭവശേഷം പൂതക്കുളം മുക്കടയിൽ നിന്നും കാർ വളഞ്ഞു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു.
കാറിന്റെ ഒരു ഹെഡ് ലൈറ്റ് പ്രവർത്തനരഹിതമായിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്. കസ്റ്റഡിയിലെടുത്ത വാഹനം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇൻസ്‌പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനയൻ, വിനോദ്, സിപിഓമാരായ സായിറാം, മുഹമ്മദ് ഷാഫി, അനൂപ് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ