മട്ടന്നൂർ: തട്ടിപ്പുകൾ പലവിധത്തിൽ നടക്കുന്ന കാലത്ത് പട്ടാപ്പകൽ ജുവല്ലറി ഉടമയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന ജൂവലറി ഉടമയിൽനിന്ന് 14 ലക്ഷം തട്ടിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. കണ്ണൂരിലാണ് സംഭവം.

കണ്ണൂരിലെ ജൂവലറി ഉടമ കീഴ്‌ത്തള്ളി പി.വി. ദിനേശന്റെ കൈയിൽനിന്ന് പണം തട്ടിയെടുത്ത സംഘത്തെയാണ് മട്ടന്നൂർ സിഐ ബി.എസ്. സജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പഴശ്ശി ഡാമിന് സമീപം കെ. റസാഖ് (38), ഉളിയിൽ സ്വദേശി പി.കെ. റഫീഖ് (39), ഭാര്യ റഹിയാനത്ത് (33), പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി (60) എന്നിവരാണ് പിടിയിലായത്.

മട്ടന്നൂരിലെ ഒരു ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞാണ് സംഘാംഗമായ റഹിയാനത്ത് ശനിയാഴ്ച വൈകീട്ട് ജൂവലറിയുടമയെ സമീപിച്ചത്. തിരിച്ചെടുക്കുന്ന സ്വർണം ജൂവലറിയിൽ വിൽക്കാമെന്ന ധാരണയിൽ 14 ലക്ഷം രൂപ ജൂവലറിയുടമ യുവതിക്ക് നൽകി.

ആദ്യം 15 ലക്ഷം രൂപ വേണമെന്ന് പറയുകയും പണം ലഭിച്ചശേഷം 14 ലക്ഷം മതി എന്നു പറഞ്ഞ് ഒരുലക്ഷം രൂപ തിരിച്ചു നൽകി വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. ഈ തുകയുമായി യുവതി ബാങ്കിലേക്ക് പോയി. പിന്നാലെ വന്ന ജൂവലറിയുടമയോട് ബന്ധുക്കൾ ബാങ്കിനകത്തുണ്ടെന്നും പുറത്തു നിന്നാൽ മതിയെന്നും നിർദേശിച്ചു. ഒറ്റനോട്ടത്തിൽ പറഞ്ഞതെല്ലാം ശരിയെന്ന് വിശ്വസിച്ച് ബാങ്കിനുമുന്നിൽ ജൂവലറിയുടമ കാത്തിരിക്കുമ്പോഴാണ് സംഘം പലവഴിക്ക് ഇറങ്ങിപ്പോയത്. ഇങ്ങനെയാണ് കബളിപ്പിക്കപ്പെട്ട വിവരം ജൂവലറിയുടമ അറിയുന്നത്.

പർദ ധരിച്ച് മുഖം മറച്ചശേഷം പണം കൈപ്പറ്റി ബാങ്കിലേക്ക് കയറുകയും വേഷം മാറി മറ്റു വഴികളിലൂടെ രക്ഷപ്പെടുകയുമാണ് ഇവരുടെ രീതി. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സംഘത്തിലെ ഒരാളെ ശനിയാഴ്ച രാത്രി പിടികൂടിയിരുന്നു. ഞായറാഴ്ചയോടെ മറ്റുള്ളവരെയും പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകമാണ് എല്ലാവരും പിടിയിലായത്.

ഇവർ കണ്ണൂർ, കാസർകോട് ജില്ലകളിൽ സമാനമായ രീതിയിൽ നിരവധി കബളിപ്പിക്കൽ നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഇതിനായി പ്രത്യേക മൊബൈൽ ഫോണും വാട്‌സ്ആപ് നമ്പറും പ്രതികൾ ഉപയോഗിക്കുന്നതായി സിഐ വ്യക്തമാക്കി. സിഐയോടൊപ്പം എസ്‌ഐമാരായ സിദ്ദീഖ്, അനീഷ്‌കുമാർ, എഎസ്ഐമാരായ പ്രദീപൻ, സുനിൽകുമാർ, സി.പി.ഒമാരായ സിറാജുദ്ദീൻ, രഗനീഷ്, സവിത, ജോമോൻ എന്നിവരും ഉണ്ടായിരുന്നു.