- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോയ കേസിൽ തുമ്പുണ്ടാക്കാൻ നായയുമായെത്തി പൊലീസ്; മണം പിടിച്ചു വന്ന നായ ഓടിക്കയറിയത് ഫാമിലേക്ക്; ഒന്നുമറിയാതെ വാറ്റിയിരുന്നയാൾ ഇറങ്ങിയോടി സ്ഥലം വിട്ടു; 20 ലിറ്റർ മദ്യവും വാഷും പിടികൂടി
ആളൂർ: മോഷണ കേസിലെ പ്രതിയെ തിരഞ്ഞു പോയ പൊലീസ് നായ എത്തിയത് അനധികൃത വാറ്റു നിർമ്മാണ കേന്ദ്രത്തിൽ. കള്ളനെ കിട്ടിയില്ലെങ്കിലും വാറ്റിയ ചാരായവും വാഷും പൊലീസ് പിടികൂടി. ആളൂർ ചങ്ങലഗേറ്റിന് സമീപം വടക്കേപ്പീടികയിൽ ജോയിയുടെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്നായിരുന്നു അന്വേഷണം. ജോയിയും ഭാര്യയും ഉറങ്ങിക്കിടക്കുന്ന സമയം മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 35 പവന്റെ ആഭരണങ്ങളും 22,000 രൂപയും മോഷണം പോകുകയായിരുന്നു.
ശനിയാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു.അന്വേഷണത്തിനായി വീട്ടിലെത്തിച്ച പൊലീസ് നായ മണം പിടിച്ച് ഓടിയെത്തിയത് തൊട്ടടുത്തുള്ള ഫാമിലേക്കായിരുന്നു. പിന്നാലെയെത്തിയ പൊലീസ് അവിടെ കണ്ടത് അനധികൃതമായ വാറ്റ് നിർമ്മാണം. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഫാം നടത്തിപ്പുകാരൻ ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള ചതുപ്പിൽ ഇയാൾ ചാടിയെന്ന സംശയത്താൽ പൊലീസ് ഈ പ്രദേശത്ത് തെരച്ചിൽ നടത്തി. രാത്രി ഒമ്പത് മണിയോടെ നാട്ടുകാർ ഇയാളെ പിടികൂടി എങ്കിലും വീണ്ടും രക്ഷപ്പെട്ടതായി പൊലീസിൽ വിവരം ലഭിച്ചു.
ഞായറാഴ്‌ച്ച രാവിലെ ആറരയോടെയാണ് മോഷണം ജോയിയുടെയും കുടുംബത്തിന്റയും ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ വീടിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടതോടെയാണ് സംശയം തോന്നി പരിശോധിച്ചത്. വീടിനു മുന്നിലെ ജനലിന്റെ കുറ്റി ഇളക്കി മാറ്റിയ നിലയിലായിരുന്നു. വാതിലിന്റെ സുരക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന ഇരുമ്പുപട്ട ജനലിലൂടെ നീക്കിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വാതിലിന്റെ മറ്റു പൂട്ടുകൾ പൂട്ടിയിരുന്നില്ല. അലമാരിയിൽ തന്നെയായിരുന്നു താക്കോൽ ഉണ്ടായിരുന്നത്.
കുടുംബാംഗങ്ങളുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കും. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസ്, ആളൂർ എസ്എച്ച്ഒ. എംബി സിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 20 ലിറ്റർ വീതം മദ്യവും വാഷും വാറ്റ് നിർമ്മാണ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
മറുനാടന് മലയാളി ബ്യൂറോ