തേനി: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ട് തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ (32), ഫോറസ്റ്റ് വാച്ചർ കുമളി സ്വദേശി ബെന്നി (55) എന്നിവരാണ് അറസ്റ്റിലായത്.

ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം കേരള തമിഴ്‌നാട് അതിർത്തിയിലെ വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്ന് വെടിയേറ്റ് ഈശ്വരൻ സംഭവ സ്ഥലത്തുതന്നെ മരിച്ചത്. വനത്തിൽ പരിശോധനയ്ക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരുമുരുകൻ നെഞ്ചിലേക്കാണ് വെടിയുതിർത്തത്. ജീവൻ നഷ്ടപ്പെടാതെ അരയ്ക്ക് കീഴിൽ വെടിവയ്ക്കാനാ കുമെന്നിരിക്കെ ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവർത്തിയിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു.

മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വെരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശ പ്രകാരം തേനി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോങ്കരെ പ്രവീൺ ഉമേഷ്, നിലവിലെ ജില്ല പൊലീസ് മേധാവി ആർ. ശിവ പ്രസാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് വനപാലകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ഇതു സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവായത്.