ചെന്നൈ: ഇതുപോലെ ഗതികെട്ട കള്ളന്മാർ വേറെ ആരെങ്കിലും കാണുമോ എന്നു ചോദിക്കും പോലെയാണ് ചെന്നൈയിലെ കള്ളന്റെ കാര്യം. വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണമായുമായി പോകവേ ലിഫ്റ്റ് ചോദിച്ചു കയറിയത് വീട്ടുടമയുടെ ബൈക്കിലും. ഒടിവിൽ എത്തിപ്പെട്ടത് പൊലീസ് സ്‌റ്റേഷനിലെ അഴിക്കുള്ളിൽ.

മോഷണ വിവരമറിയിക്കാൻ വീട്ടുടമ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കള്ളൻ ലിഫ്റ്റ് ചോദിച്ച് കൂടെ കയറിയത്. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടിൽ മോഷണം നടത്തിയ പെരിയകാഞ്ചി പെരുമാൾ നായിക്കൻ തെരുവിലെ ഉമറാണ് (44) പിടിയിലായത്. മിഠായി വിൽപനക്കാരനെന്ന വ്യാജേനയെത്തിയാണ് ഇയാൾ മോഷണത്തിനുള്ള വീടുകൾ കണ്ടെത്തിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിയിറച്ചി വാങ്ങാൻ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്ത കടയിൽപ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടിൽ മോഷ്ടാവെത്തിയത്. അര മണിക്കൂറിനകം തിരിച്ചെത്തയപ്പോൾ വാതിലും അലമാരയും തുറന്നുകിടക്കുന്നതാണ് കണ്ടത്. ആഭരണം മോഷണം പോയതറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടാനായി രാജാദാസ് ഉടൻതന്നെ ബൈക്കിൽ പുറപ്പെട്ടു. വഴിയിരികിൽനിന്ന് അപരിചിതൻ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് വാഹനം നിർത്തി അയാളെ ബൈക്കിന്റെ പിന്നിൽ കയറ്റി.

എന്നാൽ, അയാളുടെ അരയിൽ പലതരത്തിലുള്ള താക്കോലുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടതോടെ രാജാദാസിന് സംശയമായി. വണ്ടിനിർത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രാജാദാസിന്റെ വീട്ടിൽ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു.