കോഴിക്കോട്: ചികിത്സിക്കാൻ മന്ത്രവാദത്തെ ആശ്രയിച്ച മദ്രസ അദ്ധ്യാപകന് പണവും സ്വർണവും നഷ്ടമായി. മന്ത്രവാദത്തിലൂടെ ചികിത്സിക്കുമെന്ന് പറഞ്ഞ് വീട്ടിലെത്തിയ കള്ളൻ സ്വർണവും പണവുമായി മുങ്ങി. കോഴിക്കോട് പയ്യോളി സ്വദേശിയായ മദ്രസ അദ്ധ്യാപകന്റെ വീട്ടിലെ പണവും സ്വർണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവുമാണ് ഇവരുടെ വീട്ടിൽ നിന്ന് നഷ്ടമായത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദത്തിലൂടെ ചികിത്സ എന്ന പേര് പറഞ്ഞുകൊണ്ടാണ് ഷാഫി മദ്രസ അദ്ധ്യാപകനെ സമീപിച്ചത്. ഇത് വിശ്വാസിച്ച മദ്രസ അദ്ധ്യാപകൻ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു. പിന്നീട് ഇയാൾ സ്വർണവും പണവും മോഷ്ടിച്ചു. സ്വർണവും പണവും നഷ്ടപ്പെടാൻ കാരണം ചാത്തൻ സേവയാണെന്ന് അദ്ധ്യാപകനേയും കുടുംബത്തേയും വിശ്വസിപ്പിച്ച് ഷാഫി മുങ്ങുകയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

നാല് മാസം മുൻപാണ് ഷാഫിയും മദ്രസാധ്യാപകനും പരിചയപ്പെടുന്നത്. ഈ സമയത്ത് മദ്രസാധ്യാപകൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രയാസത്തിലുമായിരുന്നു. ഷാഫി മന്ത്രവാദിയാണെന്ന പേരിൽ പയ്യോളിയിൽ താമസിച്ച് മദ്രാസാധ്യാപകന് ചികിത്സയും മറ്റ് കാര്യങ്ങളും നടത്തി. സെപ്റ്റംബർ 22 ന് മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ കയറി. നിസ്‌കരിക്കാനെന്നായിരുന്നു പറഞ്ഞത്.

പിന്നീട് ഷാഫി തന്നെ മദ്രസാധ്യാപകനെ ഫോണിൽ ചാത്തൻസേവയിലൂടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടുവെന്ന് അറിയിച്ചു. എന്നാലിത് അദ്ദേഹം കാര്യമായെടുത്തില്ല. പണവും സ്വർണവും സൂക്ഷിച്ചിരുന്ന പെട്ടി രണ്ട് ദിവസത്തിന് ശേഷമാണ് അദ്ധ്യാപകൻ തുറന്നത്. ഷാഫി പറഞ്ഞതുപോലെ പണവും സ്വർണവും നഷ്ടമായെന്ന് അറിഞ്ഞ് വീണ്ടും ഷാഫിയെ വിളിച്ചു. ചാത്തൻസേവയിലൂടെ തന്നെ പണവും സ്വർണവും തിരികെ വരുമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് കുടുംബത്തിന് അമളി മനസിലായി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഷാഫിക്കായി പൊലീസ് അന്വേഷണം തുടങ്ങി.