ചെന്നൈ: മദ്യവിൽപനശാലയുടെ ചുമർ തുരന്ന് അകത്തുകടന്ന കള്ളന്മാർ പിടിയിലായി. മദ്യശാലയിലെ മദ്യം അകത്താക്കി പൂസായതോടെയാണ് മോഷ്ടാക്കൾ ഉള്ളിൽ തന്നെ കുടുങ്ങിയത്. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിലുപ്പുറം സ്വദേശി മുനിയൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിൽ കരവട്ടിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടയിലാണ് സംഭവം.

ജീവനക്കാർ മദ്യക്കട അടച്ചു പോയശേഷമാണ് ഒരുവശത്തെ ചുമർ തുരന്ന് ഇരുവരും ഉള്ളിൽ പ്രവേശിച്ചത്. മേശവലിപ്പിലുണ്ടായിരുന്ന പണം എടുത്ത് പുറത്തുകടക്കാൻ ഒരുങ്ങുമ്പോഴാണ് മദ്യക്കുപ്പികൾ ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടത്. നിധിപോലെ കണ്ട് ഈ മദ്യം അവർ അകത്താക്കുകയായിരുന്നു.

കവർച്ചയ്ക്കു ശേഷം മദ്യവിൽപ്പനശാലയുടെ റാക്കിലിരുന്ന മദ്യമെടുത്തു കഴിച്ച് ലഹരിയിലായതോടെ പുറത്തിറങ്ങാൻ കഴിയാതെ ഇവർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.

രാത്രി രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തിപ്പോൾ ഉള്ളിൽ നിന്ന് അസാധാരണ ശബ്ദം കേട്ടു. തുടർന്നു നടത്തിയ പരിശോധനയിൽ മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകൾ മുറിച്ചുമാറ്റിയതായും ഒരുവശത്തെ ചുവർ തുരന്നതായും കണ്ടെത്തി. മദ്യക്കുപ്പികൾ താഴെവീഴുന്ന ശബ്ദം ആവർത്തിച്ചതോടെയാണ് ഉള്ളിൽ ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്.

മദ്യപിച്ച് ബോധം പോയ നിലയിൽ കടക്കുള്ളിൽനിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയ ഇരുവരെയും പൊലീസ് അതേ ദ്വാരത്തിലൂടെ തന്നെ പുറത്തിറക്കി. ഇരുവരിൽ നിന്നും 14,000 രൂപ പൊലീസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.