- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിക്കുന്നത് പതിവ്; അൻവർഷായും സരിതയും സൂപ്പർഹിറ്റ് കൂട്ടുകെട്ട്; നിരവധി മോഷണങ്ങള്ൾ നടത്തി; കുമിളിക്ക് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ദർശനത്തിന് എത്തിയ സ്ത്രീയുടെ പഴ്‌സും മോഷ്ടിച്ചു കടന്നപ്പോൾ പൊലീസ് പൊക്കി
കുമളി: പട്ടാപ്പകൽ മോഷണം ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നത് പതിവാക്കിയവർ പിടിയിൽ. ബൈക്കിലെത്തിയ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ദർശനത്തിന് എത്തിയ സ്ത്രീയുടെ പഴ്‌സും മോഷ്ടിച്ചു കടന്നതിനിടെയാണ് യുവതിയും യുവാവും പിടിയിലായത്. കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് അൻവർഷാ (23) കാർത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ സരിത (28) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കയറിയ അൻവർഷ കാണിക്കവഞ്ചിയെടുത്തു മതിലിനു മുകളിൽ വച്ചശേഷം മതിൽ ചാടി പുറത്തെത്തി. ഈ സമയത്ത് കോട്ടും, ഹെൽമറ്റും ധരിച്ചു ഷോൾഡർ ബാഗുമായി സരിത പുറത്ത് കാത്തു നിന്നു. തുടർന്നു റോഡിൽ വാഹനം ഇല്ലാത്ത സമയം നോക്കി കാണിക്കവഞ്ചി സരിതയ്ക്കു കൈമാറി. ബൈക്കിൽ രണ്ടാളുടെയും ഇടയിൽ കാണിക്കവഞ്ചി വച്ച ശേഷം ഇവർ ബൈക്ക് ഓടിച്ചു സ്ഥലം വിട്ടു. മോഷണവിവരം വൈകാതെ അറിഞ്ഞതിനാൽ സമീപത്തെ സിസിടിവി പരിശോധിച്ചു വിവരം ശേഖരിക്കാൻ സാധിച്ചു. തുടർന്ന് എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകി
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഏറ്റൂമാനൂരിൽനിന്ന് പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അൻവർഷായും സരിതയും 2018 മുതൽ ഒരുമിച്ചായിരുന്നു താമസം. ഇരുവരും ബൈക്കിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്.
ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവിടെ ലോഡ്ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്. ഇവർക്കെതിരേ കായംകുളം,കുമളി,കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം, എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരം വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ. കൃഷ്ണൻ പോറ്റി, എസ്‌ഐ അജ്മൽ ഹുസൈൻ, സി.പി.ഒ.മാരായ ജാക്സൺ, സാബു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ബ്യൂറോ