തിരുനെൽവേലി (തമിഴ്‌നാട്): തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ജയകുമാർ താനാസിങിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. തനിക്ക് വധ ഭീഷണിയുണ്ടെന്ന് ജയകുമാർ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുകയാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാകുമ്പോഴും പരാതി ലഭിച്ചില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്. കഴിഞ്ഞ ദിവസം സ്വന്തം ഫാമിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജയകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ജയകുമാർ ഏപ്രിൽ 30ന് എസ്‌പിക്ക് പരാതി നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് പൊലീസ് നിഷേധിച്ചു.

മെയ 2 ന് ജയകുമാറിനെ കാണാനില്ലെന്ന് കാട്ടി മകൻ ജെഫ്രൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉവാരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം വേഗത്തിലാക്കി. വീട്ടിൽ പരിശോധിക്കാനെത്തിയപ്പോഴാണ് 30 ന് തയ്യാറാക്കിയ കത്ത് മുറിയിൽ നിന്ന് ലഭിക്കുന്നത്. അതിനുമുമ്പ് ആരോടും പരാതി പറഞ്ഞിട്ടില്ല.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ പുലർച്ചെ ഇയാളുടെ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ ശാസ്ത്രീയമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എസ്‌പി ശിലംബരശൻ പറഞ്ഞു.
കൈകാലുകൾക്ക് ചുറ്റും ചെമ്പ് കമ്പികൾ കണ്ടെത്തിയിട്ടുണ്ട്. ജയകുമാറിന്റെ കൈകളും കാലുകളും ഇലക്ട്രിക് കേബിളുകൾ കൊണ്ട് ബന്ധിച്ചതാവാമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം കത്തിച്ചപ്പോൾ ഇലക്ട്രിക് കേബിളുകളിലെ ഇൻസുലേഷൻ ഉരുകിയിരുന്നു.

പൊലീസ് സൂപ്രണ്ട് എൻ. ശിലംബരശനും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ഫാമിൽ നിന്ന് മരിച്ചയാളുടെ വോട്ടർ ഐഡിയും ആധാർ കാർഡും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ജയകുമാർ ഏപ്രിൽ 30 ന് എസ്‌പിക്ക് പരാതി നൽകിയിരുന്നു.അതിൽ എട്ട് പേരുടെ പേരുകൾ പറഞ്ഞിരുന്നു. ഇതിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ, തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പേരുകളാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും രാത്രിയിൽ തന്റെ വീടിന് ചുറ്റും അപരിചിതരുടെ സംശയാസ്പദമായ സഞ്ചാരം കണ്ടതായും ഉചിതമായ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

അതെ സമയം ജയകുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത് വന്നു.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജയകുമാർ എസ്‌പിക്ക് പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണം നടന്നതായി കാണുന്നില്ല. കോൺഗ്രസ് എംഎൽഎ രൂപി മനോഹരൻ, കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ തങ്കബാലു ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ട്.

ജില്ലയിലെ പ്രമുഖ നേതാവിന്റെ പരാതിയിൽ ഡി.എം.കെ ഭരണത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ ജനങ്ങളുടെ ഗതി എന്താവും.ജയകുമാറിന്റെ പരാതിയിൽ അന്വേഷണം നടത്തി, സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്വേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.