പാനൂർ: കണ്ണൂർ പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചെറുപറമ്പ് സ്വദേശി ഷെബിൻ ലാൽ, കുന്നത്തുപറമ്പ് സ്വദേശി അതുൽ കെ, ചെണ്ടയാട് സ്വദേശി അരുൺ കെ.കെ. എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവർ സ്‌ഫോടന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ ഇവരാണ് ആശുപത്രിയിൽ എത്തിച്ചത്.

സ്‌ഫോടനത്തിന് ശേഷം കസ്റ്റഡിയിലായ അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. അരുണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി ഇന്നലെ രാത്രി തന്നെ കസ്റ്റഡിലെടുത്തത്. അതേസമയം, പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം വടകരയിൽ നിന്ന് ട്രെയിൻ കയറി പാലക്കാട്ടേക്ക് പോവുകയായിരുന്നു ഇയാൾ. കടന്നുകളഞ്ഞ സായൂജിന്റെ ചിത്രങ്ങൾ പാനൂർ പൊലീസ് പാലക്കാട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്ന് പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്ന് ഉച്ചക്ക് ശേഷം സായൂജിനെ പാനൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

സ്‌ഫോടനത്തിൽ നിസാര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ഇവർ ചികിത്സയിലുള്ളത്. വിനോദ് എന്ന ആൾ വ്യാജ പേരിലാണ് പരിയാരം ആശുപത്രിയിൽ അഡ്‌മിറ്റായത്. ഇവർ രണ്ടും പേരും സ്‌ഫോടനം നടക്കുമ്പോൾ വീടിന്റെ മുറ്റത്താണ് ഉണ്ടായിരുന്നത്. സ്‌ഫോടനത്തിൽ ചില്ല് തെറിച്ചാണ് ഇവർക്ക് പരിക്കേറ്റത്.

അതേസമയം, സ്‌ഫോടനത്തിൽ ഇരുകൈകളും അറ്റുതൂങ്ങിയ വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാൾ അബോധാവസ്ഥയിലാണെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്‌ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി.

സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സിപിഎമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സിപിഎമ്മുകാരെ മർദിച്ചതിന് ഉൾപ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സിപിഎമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സിപിഎം നേതാവാണ്.

അതേസമയം വിഷയം തെരഞ്ഞെടുപ്പു പ്രചരണ വിഷയമാക്കിയിരിക്കയാണ് യുഡിഎഫ് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശയാത്ര തുടങ്ങി. പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര തുടങ്ങിയത്. ആർഎംപി നേതാവും എംഎൽഎയുമായ കെകെ രമയും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. പാനൂർ പൊാലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങി ബസ്സ്റ്റാൻഡിൽ സമാപിക്കും.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന സ്ഫോടനമെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച പ്രദേശത്ത് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ സ്ഫോടനം നടന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ടിപി ചർച്ചാ വിഷയം ആകുന്നത് ഉത്തമമാണെന്ന് യാത്രയിൽ പങ്കെടുത്ത് രമ അഭിപ്രായപ്പെട്ടു.